ലുലുവിന്റെ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് മുസഫ്ഫയില്‍ തുടങ്ങി

Posted on: February 4, 2014 7:16 pm | Last updated: February 4, 2014 at 7:16 pm
Lulu capital mall_4
മുസഫ്ഫ ക്യാപിറ്റല്‍ മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം യു എ ഇ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ സൗകര്യങ്ങള്‍ കാണുന്നു.
എം എ യൂസുഫലി സമീപം

അബുദാബി: ലുലു ഗ്രൂപ്പ്, അബുദാബിയിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ക്യാപിറ്റല്‍ മാളില്‍ തുറന്നു. യു എ ഇ സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനാണ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി അടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു. ക്യാപിറ്റില്‍ സിറ്റി മാളില്‍ 2.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഇരു നിലകളിലായാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യോല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയുടെ വന്‍ശേഖരം ഒരുക്കിയിട്ടുണ്ട്.
വലുപ്പത്തില്‍ മാത്രമല്ല, ഗുണമേന്‍മയിലും ഉന്നതമായ നിലവാരം കാത്തു സൂക്ഷിക്കുമെന്ന് എം എ യൂസുഫലി പറഞ്ഞു. മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീഫ സിറ്റി, മുസഫ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ സുരക്ഷയും ശുചിത്വവും പാലിക്കാനും പ്രതിജ്ഞാ ബദ്ധം. മേഖലയിലെ ചില്ലറ വില്‍പന മേഖലയില്‍ നാഴികക്കല്ലാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് – എം എ യൂസുഫലി പറഞ്ഞു. യു കെ, ആഫ്രിക്ക, പൂര്‍വ കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ 37 ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 108 ശാഖകളും പ്രവര്‍ത്തിക്കുന്നു. യു എ ഇ യെ സംബന്ധിച്ചാണെങ്കില്‍ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വിശേഷിച്ച് പച്ചക്കറികള്‍ പഴവര്‍ഗങ്ങളും ലുലു വഴി വിപണനം നടക്കുന്നുണ്ടെന്നും ഇത് തദ്ദേശീയ കര്‍ഷകര്‍ക്കു ഗുണകരമാണെന്നും യൂസുഫലി ചൂണ്ടിക്കാട്ടി.

ALSO READ  സഊദി റോയല്‍ കമ്മീഷന്‍ യാമ്പു മാള്‍ ലുലു ഗ്രൂപ്പിന്