സൈക്കഌംഗ് റേസ്: മുഖ്യ റോഡുകള്‍ അഞ്ചു മുതല്‍ എട്ടു വരെ അടക്കും

Posted on: February 4, 2014 5:34 pm | Last updated: February 4, 2014 at 6:34 pm

ദുബൈ: മധ്യപൗരസ്ത്യ ദേശം ആദ്യമായി ആഥിത്യമരുളുന്ന സൈക്കഌംഗ് റേസിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകള്‍ അഞ്ചു മുതല്‍ എട്ടു വരെ അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദുബൈ ടൂര്‍ സൈക്കഌംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുകയെന്ന് ദുബൈ പോലീസ് ഓപറേഷന്‍സ് വിഭാഗത്തിന്റെ ഭാഗമായ അംഗരക്ഷ വിഭാഗം അസിസ്റ്റന്റ് മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ വ്യക്തമാക്കി. 14 രാജ്യങ്ങളില്‍ നിന്നായി 160 സൈക്കഌംഗ് താരങ്ങളാണ് നഗരത്തില്‍ എത്തുക. രാവിലെ 11.20ന് ചാമ്പ്യന്‍ഷിപ്പ് സ്റ്റാര്‍ട്ട് വില്ലേജില്‍ നിന്നും ആരംഭിക്കും.
122 കിലോമീറ്ററാണ് മൊത്തം ദൈര്‍ഘ്യം. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍, സബീല്‍ റോഡ്, അല്‍ മെയ്ദാന്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റ്, ഉമ്മുസഖീം റോഡ്, അല്‍ സുഫൂഹ് റോഡ്, എമിറേറ്റ്‌സ് ഹില്‍സ് വഴി പാം ജുമൈറയില്‍ അറ്റ്‌ലാന്റിസിന് സമീപം സമാപിക്കും. ഈ വഴികളിലാവും റോഡുകള്‍ അടക്കുക.