പാക് സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് താലിബാന്‍ സമിതി രൂപവത്കരിച്ചു

Posted on: February 3, 2014 12:02 am | Last updated: February 3, 2014 at 11:35 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് താലിബാന്‍ സമിതി രൂപവത്കരിച്ചു. താലിബാന്‍ കമാന്‍ഡര്‍ ഖാരി ഷക്കീലിന്റെ നേതൃത്വത്തില്‍ പത്തംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍ ( ടി ടി പി) കേന്ദ്ര കൗണ്‍സിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. പഞ്ചാബി താലിബാന്‍ മേധാവി അസ്മത്തുല്ല മുആവിയ, താലിബാന്‍ വക്താക്കളായ ശഹീദുല്ല ശാഹിദ്, ഉമര്‍ ഖാലിദ് ഖുറാസാനി തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.
സര്‍ക്കാര്‍ നേരത്തെ തന്നെ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലിയുടെ മേല്‍നോട്ടത്തില്‍ നാല് അംഗ കമ്മിറ്റിയുണ്ടാക്കിയിരുന്നു. ചില പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്ന് പാക് ആഭ്യന്തര മന്ത്രി ഖാന്‍ പറഞ്ഞു. ഇരു പക്ഷവും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ ഉടന്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയുടെ വിജയത്തിന് വേണ്ടി സഹകരിക്കാന്‍ മതനേതാക്കളോടും രാഷ്ട്രീയ നേതാക്കളോടും ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനത്തിന് വേണ്ടി അഹ്വാനം ചെയ്ത മതപണ്ഡിതന്‍മാരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.