Connect with us

Gulf

പ്രവാസികള്‍ ആത്മബോധമുള്ളവരാകണം

Published

|

Last Updated

അല്‍ ഐന്‍: പ്രവാസി ഭാരതീയരില്‍ ആത്മബോധം വര്‍ധിക്കണമെന്നു യു എ ഇ-ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ സീതാറാമിന് അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യു എ ഇയും തമ്മില്‍ മികച്ച ബന്ധമാണ് നിലവിലുള്ളത്.

യു എ ഇക്ക് ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധമുള്ളതും ഇന്ത്യയുമായിട്ടാണ്. പരസ്പര ധാരണയിലൂടെ ഇരുരാജ്യങ്ങള്‍ക്കും ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ലോകത്തെ എറ്റവും സഹകരണ മനോഭാവമുള്ള രാജ്യമാണ് യു എ ഇ ഇവിടത്തെ നിയമങ്ങളും നിര്‍മാണങ്ങളും അനുസരിച്ച് കൊണ്ട് ഈ രാജ്യത്തിന്റെയും ഇന്ത്യയുടെയും മുന്നേറ്റത്തിനു വേണ്ടി എല്ലാവരും കൈ കോര്‍ക്കണം. അതിനു വേണ്ടി എല്ലാ ഇന്ത്യക്കാരുടെയും മനസ്സ് ഒന്നിക്കേണ്ടതുണ്ട് അദ്ദേഹം സൂചിപ്പിച്ചു.
യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ചു വരികയാണ്. പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി ആവുന്നതൊക്കെ ചെയ്യും. യാത്രാ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
യു എ ഇയില്‍ എറ്റവും കൂടുതല്‍ ഉള്ള ഇന്ത്യക്കാര്‍ മലയാളികളാണ്. നിലവിലെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം മലയാളികളാണ് ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഞാന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും ഇപ്പോള്‍ യു എ ഇ യിലെത്തിയത് ഇന്ത്യയെ പ്രതിനിധീകരിച്ചാണ്. എന്നാല്‍ മലയാളികള്‍ക്ക് കേരളത്തിലും വിദേശത്തും രണ്ടു മനസ്സാണ്.
ഇവിടെ നിയമങ്ങള്‍ കൃത്യമായി അനുസരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഇതേ അവസ്ഥ കേരളത്തിലെത്തിയാലും തുടരണം. നമ്മുടെ സ്വന്തം കാര്യങ്ങളോടൊപ്പം നാടിന്റെ വികസനം കൂടി സ്വപ്‌നം കാണണം-അദ്ദേഹം സൂചിപ്പിച്ചു.
അല്‍ ഐന്‍ ഡനാറ്റ റിസോര്‍ട്ടില്‍ നടന്ന പരിപാടി അല്‍ഫറാ ഗ്രൂപ്പ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ പത്മശ്രീ ഡോ. ജെ ആര്‍ ഗംഗാരമണി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വിഭാഗം കൗണ്‍സിലര്‍ ആനന്ദ് ബര്‍ദന്‍, ഐ ബി പി സി. ചെയര്‍മാന്‍ മോഹന്‍ ജാഷന്‍മാള്‍, അല്‍ഫറാ ചെയര്‍മാന്‍ അദേല്‍ സാലെ, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട്, ജന. സെക്രട്ടറി ടി വി എന്‍ കുട്ടി, ഐ എസ് സി വനിതാവിഭാഗം ചെയര്‍ പേഴ്‌സണ്‍ ബെറ്റി സ്റ്റീഫന്‍ എന്നിവര്‍ സംബന്ധിച്ചു.
ഡോ. ജവഹര്‍ ഗംഗാരമണി സീതാറാമിനെ പൊന്നാടയണിയിച്ചു. ഇന്ത്യ-യു എ ഇ സൗഹൃദത്തിന്റെ ഊഷ്മളമായ ഓര്‍മപ്പെടുത്തലുമായി നിരവധി യു എ ഇ പൗരന്മാരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു. ഉഷാ ഗംഗാരമണി സ്ഥാനപതിയുടെ പത്‌നി ദീപാ സീതാറാമിന് ഉപഹാരം നല്‍കി.

Latest