Connect with us

Gulf

ഖത്തര്‍ സ്ഥാനപതിയെ വിദേശ മന്ത്രാലയം വിളിപ്പിച്ചു

Published

|

Last Updated

അബുദാബി: യു എ ഇക്കെതിരെ ജുമുഅ ഖുത്തുബയിലൂടെയും ഖത്തര്‍ ടെലിവിഷനിലൂടെയും കടന്നാക്രമണം നടത്തിയ യൂസുഫുല്‍ ഖര്‍ളാവിയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമായി മാറുന്നു. ഈ വിഷയത്തിലുള്ള യു എ ഇയുടെ പ്രതിഷേധം അറിയിക്കാന്‍ വിദേശ മന്ത്രാലയം ഖത്തര്‍ സ്ഥാനപതി ഫാരിസ് അല്‍ നുഐമിയെ വിളിച്ചു വരുത്തി.

യു എ ഇ ഇസ്‌ലാമിക ഭരണ കൂടത്തിന് എതിരാണെന്ന് യൂസുഫുല്‍ ഖര്‍ളാവി ദോഹയിലെ ഒരു പള്ളിയിലെ ജുമുഅ ഖുതുബക്കിടെ പരാമര്‍ശിച്ചിരുന്നു. യു എ ഇയുടെ പേരെടുത്ത് പറഞ്ഞ് ഇതേ ആശയം ഖത്തര്‍ ടെലിവിഷനിലൂടെയും ഖര്‍ളാവി പറഞ്ഞിരുന്നു. ഖര്‍ളാവിയുടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ യു എ ഇ സ്വദേശികളും അല്ലാത്തവരും ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ യൂസുഫുല്‍ ഖര്‍ളാവി ഖത്തറിന്റെ ഔദ്യോഗിക വാക്താവല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും ഖത്തര്‍ വിദേശ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ രണ്ട് ദിവസം മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.
ഇതില്‍ തൃപ്തിയാകാത്തതിനാലാണ് യു എ ഇ വിദേശ മന്ത്രാലയം ഖത്തര്‍ സ്ഥാനപതിയെ നേരിട്ട് വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്നലെ രാവിലെയാണ് സ്ഥാനപതി ഫാരിസ് അല്‍ നുഐമിയെ വിളിച്ചു വരുത്തിയത്.
ഈജിപ്തിലെ ബ്രദര്‍ഹുഡ് രാജ്യത്ത് വ്യാപകമായി നടത്തുന്ന നരനായാട്ടിനും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി രംഗത്ത് വരികയും ഈജിപ്തിന്റെ പുനര്‍നിര്‍മാണത്തിന് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് ഭീകരവാദ പ്രവര്‍ത്തനങ്ങളെ ധാര്‍മികമായി പിന്തുണക്കുന്ന യൂസുഫുല്‍ ഖര്‍ളാവിയെ ചൊടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇക്കാര്യത്തില്‍ നിരന്തരമായി ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഖത്തറിന്റെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ പ്രസ്താവന വന്നെങ്കിലും ഖര്‍ളാവി പറഞ്ഞതിനെ താത്വികമായി ഖണ്ഡിക്കുകയോ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഒരുറപ്പോ പ്രസ്താവകളില്‍ അടങ്ങാത്തതിനാലാണ് സ്ഥാനപതിയെ വിളിച്ച് നേരിട്ട് പ്രതിഷേധം അറിയിക്കുന്നതെന്ന് യു എ ഇ വിദേശകാര്യ സഹ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. രാജ്യത്തിനും അതിന്റെ നയങ്ങള്‍ക്കുമെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഒരിക്കലും സഹിക്കുകയില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.