Connect with us

Gulf

ട്രാം ഉപയോക്താക്കള്‍ക്ക് നാല് നടപ്പാലങ്ങള്‍

Published

|

Last Updated

ദുബൈ: ദുബൈ ട്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി നാല് നടപ്പാലങ്ങള്‍ പണിയാന്‍ ആര്‍ ടി എ കരാര്‍ നല്‍കിയതായി ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ശീതീകരിച്ച നടപ്പാലങ്ങളാണ് പണിയുക. രണ്ടെണ്ണം അല്‍ സഫൂ സ്ട്രീറ്റിലും മറ്റു രണ്ടെണ്ണം ടികോം സോണ്‍, ദുബൈ മറീന മാള്‍ എന്നിവിടങ്ങളിലും ആയിരിക്കും. സഫൂവിലേത് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലെയും താമസക്കാര്‍ക്ക് ഗുണകരമാവുന്ന വിധത്തിലായിരിക്കും. തിരക്കേറിയ സ്ഥലങ്ങളായിതിനാലാണ് മറീന മാളിനു സമീപവും ടീക്കോം സോണിലും നടപ്പാലം.
യാത്രക്കാര്‍ക്ക് എല്ലാ വിധത്തിലുമുള്ള സുരക്ഷിതത്വവും ഏര്‍പ്പെടുത്തുക എന്നതാണ് ആര്‍ ടി എയുടെ പ്രാഥമിക ലക്ഷ്യം. യാതൊരു അപകടവും കാല്‍നടയാത്രക്കാര്‍ക്ക് സംഭവിക്കരുത്. നടപ്പാലങ്ങളില്‍ എലിവേറ്ററും ഉണ്ടാകും. ചേതോഹരമായ ശില്‍പമാതൃകയാണ് നടപ്പാലങ്ങള്‍ക്ക് സ്വീകരിക്കുക. കാല്‍നടയാത്രക്കാര്‍ക്ക് നഗരഭംഗി ആസ്വദിക്കാനും കഴിയും. ആര്‍ ടി എ ഇതിനകം 94 നടപ്പാലങ്ങള്‍ പണിതിട്ടുണ്ട്. 11 പാലങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. ഈ വര്‍ഷം ഏഴു പാലങ്ങള്‍ക്ക് കരാര്‍ നല്‍കും. 2013നും 2016നും ഇടയില്‍ 17 പാലങ്ങള്‍ പണിയുകയാണ് ലക്ഷ്യം. ഒമ്പത് പാലങ്ങള്‍ക്ക് 4.5 കോടി ദിര്‍ഹം ചെലവു ചെയ്യും.
ബനിയാസ് റോഡ്, ഡമാസ്‌കസ് റോഡ്, മിനാ റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്. അമ്മാന്‍, മെയ്ദാന്‍, ഡമാസ്‌കസ്, ഖവാനീജ് എന്നിവിടങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നുവെന്നും മത്താര്‍ അല്‍ തായര്‍ പറഞ്ഞു.