ടി പി വധത്തില്‍ സി ബി ഐ അന്വേഷണ നീക്കം നിയമവിരുദ്ധം: എസ് ആര്‍ പി

Posted on: February 1, 2014 7:35 pm | Last updated: February 1, 2014 at 8:09 pm

srpആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ആര്‍ പി. കോടതിയോ അന്വേഷണ ഏജന്‍സിയോ ആണ് ഒരു കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിക്കുക. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ തന്നെയാണ് സി ബി ഐ അന്വേഷണം മുന്നോട്ടുവെക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനാണ് ഇത്തരമൊരന്വേഷണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ഇതുമായി കൂട്ടിവായിക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.

സമസ്ത മേഖലകളിലും സര്‍ക്കാര്‍ പരാജയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇത് കൃത്യമായി പ്രതിഫലിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. നേരത്തെ എസ് രാമചന്ദ്രന്‍പിള്ള പിണറായി വിജയന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.