പഞ്ചവത്സര പദ്ധതികള്‍ക്ക് പോലും പണമില്ലെന്ന് മന്ത്രി ആര്യാടന്‍

Posted on: February 1, 2014 1:33 pm | Last updated: February 1, 2014 at 1:33 pm

aryadan_5കോഴിക്കോട്: പഞ്ചവത്സര പദ്ധതികള്‍ക്ക് നീക്കിവെക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്രത്തിന്റെ ഔദാര്യം കൊണ്ടാണ് കേരളം കഴിഞ്ഞുകൂടുന്നത്. സാമ്പത്തിക പ്രയാസമെന്ന് പറഞ്ഞാല്‍ സാമ്പത്തിക പ്രതിസന്ധിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പ്രദേശ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ മൊത്ത വരുമാനത്തില്‍ 75 ശതമാനവും സംസ്ഥാനത്തിന്റെ തനതു വരുമാനത്തില്‍ 92 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവഴിക്കുകയാണ്. പഞ്ചവല്‍സര പദ്ധതിക്കു തുക കണ്ടെത്തേണ്ട ബാലന്‍സ് കറന്റ് റവന്യു (ബിആര്‍സി) 3000 കോടി രൂപ കമ്മിയാണ്. ഇതിനെല്ലാം ഇടയിലാണ് സര്‍ക്കാര്‍ പത്താം ശമ്പള കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. എന്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാലും ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളതെല്ലാം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.