Connect with us

Ongoing News

രാജ്യാന്തര കയര്‍ പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങും

Published

|

Last Updated

ആലപ്പുഴ: കയര്‍, പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ഇന്ന് ഇ എം എസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. വൈകീട്ട് 4.30ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി മേള ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ, അന്തര്‍ദേശീയ പവലിയനുകള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. ഈ മാസം അഞ്ച് വരെ നീളുന്ന കയര്‍ കേരള രാജ്യാന്തര പ്രദര്‍ശന വിപണന മേളയില്‍ 46 രാജ്യങ്ങളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കയര്‍മേളയിലൂടെ 150 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യാന്തര പവലിയനില്‍ 90 സ്റ്റാളുകളും ദേശീയ പവലിയനില്‍ 130 പവലിയനുമുള്‍പ്പെടെ 220 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും.
ഇത്തവണ കേരളത്തിനു പുറത്ത് നിന്ന് 18 പുതിയ സ്റ്റാളുകള്‍ കൂടിയുണ്ടാകും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെക്‌സിക്കോ, യമന്‍, ഈജിപ്ത്, ബാഴ്‌സലോണ തുടങ്ങി 17 രാജ്യങ്ങളുടെ കൂടി പങ്കാളിത്തം ഇത്തവണ ഉണ്ടാകും. അലപ്പുഴ പട്ടണത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കയര്‍ മെഷീന്‍ ഫാക്ടറിക്ക് കമ്പനീസ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ലഭിച്ചു. ഫാക്ടറിയുടെ പ്രവര്‍ത്തനം ഈ മാസം തന്നെ തുടങ്ങാനാകും. നാഷനല്‍ കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത ആധുനിക തൊണ്ടു തല്ലല്‍ യന്ത്രത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ഈ ഫാക്ടറിയില്‍ നടത്തും. ഈ ഉപകരണം കയര്‍ കേരളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം പുതുതായി വികസിപ്പിച്ചെടുത്ത ന്യുമാറ്റിക് ലൂം പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ മദനന്‍, എന്‍ സി ആര്‍എം ഐ ഡയറക്ടര്‍ അനില്‍ കെ ആര്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ആര്‍ രാജേന്ദ്രപ്രസാദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. .

Latest