ന്യൂനപക്ഷ പ്രീണനം ആരോപിക്കുന്നത് നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടി: കാന്തപുരം

Posted on: February 1, 2014 6:00 am | Last updated: February 1, 2014 at 12:38 am

kanthapuram 2തിരുവനന്തപുരം: മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നിരന്തരമായി വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതാണ് പുതിയ രാഷ്ട്രീയ ബദലുകളെ പിന്തുണക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നല്‍കുന്ന വാഗ്ദാനം വിശ്വസിച്ച് രാഷ്ട്രീയപാര്‍ട്ടികളോടുള്ള നിലപാട് തീരുമാനിക്കുന്ന കാലം കഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ചെയ്യുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലാകും സമീപനങ്ങള്‍ രൂപപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സമ്മേളനത്തില്‍ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം നടത്തുകയായിരുന്നു കാന്തപുരം. തിരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷമുള്ള കാലയളവിലും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടില്‍ വൈരുധ്യം കൂടി വരികയാണ്. കൊതിപ്പിക്കുന്ന പ്രഖ്യാപനങ്ങളും സമീപനങ്ങളുമാണ് തിരഞ്ഞെടുപ്പ് കാലത്തുണ്ടാകാറുള്ളത്. എന്നാല്‍ ആ പ്രതീക്ഷ തിരഞ്ഞെടുപ്പിന് ശേഷം നിലനിര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളെ അധികാരത്തിലെത്തിക്കുന്നതും പതിറ്റാണ്ടുകള്‍ ഭരിച്ച സംസ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നതും വാഗ്ദാന ലംഘനങ്ങളാണ്.
തിരഞ്ഞെടുപ്പ് സമയത്ത് ജനാധിപത്യപ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞു വരികയും ക്രമേണ ജനങ്ങള്‍ ദുര്‍ബലരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് മാറിയില്ലെങ്കില്‍ രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടേണ്ടി വരും. നയപരമായ തീരുമാനങ്ങളെടുക്കുന്ന ജനപ്രാതിനിധ്യ സഭകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാത്തത് രാഷ്ട്രീയപാര്‍ട്ടികളുടെ ഇരട്ടമുഖമാണ് കാണിക്കുന്നത്. ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുന്ന എത്രപേരെ സ്ഥാനാര്‍ഥിയാക്കുമെന്ന അടിസ്ഥാനത്തില്‍ കൂടിയാകും തിരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കുക. നടപ്പാകാത്ത വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടങ്ങള്‍ക്ക് മേല്‍ ന്യൂനപക്ഷ പ്രീണനം ആരോപിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ച് വസ്തുതാപരമായി കണക്കെടുപ്പ് നടത്തി ഈ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ മുസ്‌ലിംകള്‍ വികസനകാര്യങ്ങളില്‍ ഏറെ പിന്നാക്കം പോയെന്നാണ് പഠനങ്ങള്‍. ഈ പിന്നാക്കാവസ്ഥക്ക് കാരണവും മറ്റൊരു രൂപത്തിലുള്ള അക്രമങ്ങളാണ്. അക്രമങ്ങളുടെ രൂപവും ഭാവവും മാറിയെന്ന് മാത്രം. അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ നിന്നാണ് അതിക്രമങ്ങളുണ്ടാകുന്നത്. ഇവയോരൊന്നും പരസ്പര പൂരകങ്ങളാണ്. വികസനകാര്യത്തിലെ പിന്നാക്കമാണ് ഗുജറാത്തിലും മുസഫര്‍ നഗറിലും മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ രൂക്ഷമാക്കിയത്. ഇവ പിന്നീട് മുസ്‌ലിംകളുടെ സാമൂഹികാവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തു. അത് കൊണ്ടാണ് ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് പറയുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും മന്ത്രി ശിവകുമാര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കൈപിടിച്ചുയര്‍ത്തേണ്ടവര്‍ നിസ്സംഗത പാലിക്കുമ്പോള്‍ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് മുസ്‌ലിം സംഘടനകളാണെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അസഹിഷ്ണുക്കളാകുന്നത് രാജ്യത്തിന്റെ ഭരണ ഘടന അറിയാത്തവരാണെന്നും കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത മുന്നേറ്റത്തിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും ദിശാബോധമുള്ള പണ്ഡിത നേതൃത്വമാണെന്നും വിഷയാവതരണം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
എസ് എം എ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി എം എസ് തങ്ങള്‍, കെ കെ കൊച്ചുമുഹമ്മദ്, ശംസുദ്ദീന്‍ മദനി ഏരൂര്‍, എ സൈഫുദ്ദീന്‍ ഹാജി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, യഅ്ഖൂബ് ഫൈസി, വി എം കോയമാസ്റ്റര്‍, അഡ്വ. ഹസന്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സിദ്ദീഖ് സഖാഫി നേമം, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, കെ എം ഹാശിം ഹാജി സംസാരിച്ചു.

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം