പാചക വാതക സബ്‌സിഡിക്ക് ആധാര്‍: പദ്ധതി മരവിപ്പിച്ചു

Posted on: January 30, 2014 6:01 pm | Last updated: January 31, 2014 at 11:42 am

lpg

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡിയോടു കൂടിയ പാചക വാതക സിലിന്‍ഡറിന്റെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ട് ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാചക വാതക സബ്‌സിഡി തുക ആധാര്‍ ഉപയോഗിച്ച് ബേങ്ക് വഴി ലഭ്യമാക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി (ഡി ബി ടി എല്‍) താത്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. കോണ്‍ഗ്രസിനകത്തും പുറത്തും നിന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വപ്‌ന പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന്റെ പിന്മാറ്റം.

സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായതായി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി എം വീരപ്പ മൊയ്‌ലി പറഞ്ഞു. സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അയ്യായിരം കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാറിനുണ്ടാകുമെന്ന് മൊയ്‌ലി പറഞ്ഞു.
സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിച്ചത് ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒമ്പത് സിലിന്‍ഡര്‍ കൂടാതെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സബ്‌സിഡിയോടു കൂടിയ ഒരു സിലിന്‍ഡര്‍ ഉപഭോക്താക്കള്‍ക്ക് അധികമായി ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം ഒരു സിലിന്‍ഡര്‍ എന്ന നിലയില്‍ പന്ത്രണ്ട് സബ്‌സിഡി സിലിന്‍ഡര്‍ ലഭ്യമാകും.
ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് എല്‍ പി ജി സബ്‌സിഡി തുക ബേങ്ക് വഴി നല്‍കുന്ന പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആധാര്‍ ഉപയോഗിച്ച് സബ്‌സിഡി തുക നല്‍കുന്നതിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായും വീരപ്പ മൊയ്‌ലി പറഞ്ഞു. സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പദ്ധതി നിര്‍ത്തിവെക്കുകയാണെന്ന് മൊയ്‌ലി അറിയിച്ചു.
എന്നാല്‍, നിലവില്‍ ആധാര്‍ ബേങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തവര്‍ ഈ മാസം സബ്‌സിഡി സിലിന്‍ഡര്‍ മാര്‍ക്കറ്റ് വില നല്‍കി വാങ്ങേണ്ടി വരും. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ 105 ജില്ലകളിലുള്ള ഉപഭോക്താക്കളുടെ സബ്‌സിഡി തുക മുന്‍കൂറായി ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കിയ സാഹചര്യത്തിലാണിത്. 435 രൂപയാണ് സബ്‌സിഡി തുകയായി ബേങ്ക് അക്കൗണ്ടില്‍ മുന്‍കൂറായി നിക്ഷേപിച്ചിട്ടുള്ളത്. നിലവില്‍ 414 രൂപയാണ് സബ്‌സിഡി സിലിന്‍ഡറിന്റെ വില. സബ്‌സിഡി ഉള്‍പ്പെടെ 1,021 രൂപ ആധാര്‍ ലിങ്ക് ചെയ്ത ഉപഭോക്താവ് നല്‍കേണ്ടി വരും.
സബ്‌സിഡിയോടു കൂടിയ എല്‍ പി ജി സിലിന്‍ഡറിന്റെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് തന്നെ ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രാലയം തീരുമാനം കൈക്കൊണ്ടിരുന്നു.
പതിനഞ്ച് കോടി വരുന്ന എല്‍ പി ജി ഉപഭോക്താക്കളില്‍ 89.2 ശതമാനം പേരും ഒമ്പത് സിലിന്‍ഡറിന് താഴെ ഉപയോഗിക്കുന്നവരാണെന്നും പത്ത് ശതമാനം മാത്രമാണ് വിപണി വിലക്ക് അധിക സിലിന്‍ഡര്‍ വാങ്ങുന്നതെന്നും വീരപ്പ മൊയ്‌ലി പറയുന്നു.