Connect with us

Malappuram

എടപ്പാളില്‍ ഹര്‍ത്താലിനിടെ അക്രമം; ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരുക്ക്

Published

|

Last Updated

എടപ്പാള്‍: പോലീസ് മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരണമടഞ്ഞതായുള്ള ആരോപണത്തെ തുടര്‍ന്ന് എടപ്പാള്‍ മേഖലയില്‍ വ്യാപക ആക്രമണം. എസ് ഐയും പോലീസുകാരനും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്ക്. ഇവരില്‍ രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റ്മുട്ടിയത്. എടപ്പാള്‍ മേഖലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ ആക്രമണം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. വട്ടംകുളം കുറ്റിപ്പാല ലക്ഷംവീട് കോളനിയിലെ ആമ്പ്രവളപ്പില്‍ മോഹനന്‍ (40) ആണ് ചൊവ്വാഴ്ച രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്. ഇയാളുടെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊന്നാനി മുന്‍സിഫ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റമോര്‍ട്ടം ചെയ്യും. പോലീസിന്റെ മര്‍ദ്ദനത്താലാണ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച മോഹനന്‍ മരണമടഞ്ഞതെന്നാണ് ആരോപണം. ചൊവ്വാഴ്ച രാത്രിയില്‍ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും ആക്രമണം നടന്നത്.
ഇന്നലെ സി പി എമ്മും യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എടപ്പാള്‍ ജംഗ്ഷന്‍, വട്ടംകുളം, കുറ്റിപ്പാല എന്നിവിടങ്ങളില്‍ ഗതാഗതം തടഞ്ഞു. പലയിടങ്ങളിലായി സ്‌കൂള്‍ വാഹനങ്ങളും തടഞ്ഞു.
ഇന്നലെ ഉച്ചയോടെ കുറ്റിപ്പാലയില്‍ ഗതാഗതം തടഞ്ഞുകൊണ്ടിരുന്നവര്‍ ഗുരുവായൂരില്‍ നിന്നും ചോറൂണ് കഴിഞ്ഞ് വരികയായിരുന്നവരെ തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കി.
വിവരമറിഞ്ഞെത്തിയ പോലീസിന് നേരെ ആക്രമണത്തിന് തുനിഞ്ഞവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയായിരുന്നു.പോലീസിന് നേരെ കല്ലെറിഞ്ഞതിനാലാണ് പരപ്പനങ്ങാടി എസ് ഐക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ കുറ്റിപ്പാല സ്വദേശികളായ തോട്ടവളപ്പില്‍ അശ്‌റഫ് (40), തറവാട്ടത്ത് ബിജു (36) എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകൂട്ടരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ ഐ ജിക്ക് മുന്നില്‍ ഹാജരാക്കി പ്രതിഷേധം അറിയിച്ചു. മലപ്പുറം ഡി വൈ എസ് പി അഭിലാഷിന് അന്വേഷണ ചുമതല.

 

Latest