സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം

Posted on: January 29, 2014 4:17 pm | Last updated: January 29, 2014 at 11:55 pm

court-hammerതൃശൂര്‍: സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് ദേശീയപാതയോരത്ത് ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് ജീവപരന്ത്യം തടവു ശിക്ഷ വിധിച്ചു. നെല്ലങ്കര സ്വദേശിനി ശാന്ത(47)യെ കൊലപ്പെടുത്തിയ കേസിലാണ് ചാലക്കുടി സ്വദേശി വി ആര്‍ പുരം പാലവീട്ടില്‍ ജിലീഷിനു അതിവേഗ കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ശാന്തയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിന് ജിലീഷും സിന്ധുവും ചേര്‍ന്ന് ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി ഗവ. പ്രസിനു മുന്നില്‍ കാനയിലാണ് മുഖവും വയറും കത്തിക്കരിഞ്ഞ നിലയില്‍ ഒരു ഞായറാഴ്ച ശാന്തയുടെ ജഡം കണ്ടെത്തിയത്. 2003 ജൂണിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓട്ടോറിക്ഷ ഡ്രൈവറും മീന്‍കച്ചവടക്കാരനുമായിരുന്ന ജിലീഷ്, തൃശൂരിലാണ് ലൈംഗിക തൊഴിലാളിയായ സിന്ധുവുമായി അടുപ്പത്തിലായത്. തുടര്‍ന്ന് സിന്ധുവിനെയും മൂന്ന് കുട്ടികളെയുംകൂട്ടി, ജിലീഷ് ആനന്ദപുരത്ത് വാടകവീട്ടില്‍ താമസമാക്കി. ഓട്ടോറിക്ഷ കച്ചവടത്തിലും മറ്റും വന്‍ ബാധ്യതയുണ്ടായതാണ് ജിലീഷിനെയും സിന്ധുവിനെയും ഈ കൃത്യത്തിന് പ്രേരിപ്പിച്ചതത്രെ. ലൈംഗിക തൊഴിലാളിയായിരുന്ന ശാന്ത, ഏറെ ആഭരണം ധരിച്ച് നടക്കുന്നതു കണ്ട ജിലീഷ് ഇവ തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കി. ഉറക്കഗുളികകള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചശേഷം ശാന്തയെ കൊണ്ടുവന്നു.

മറ്റൊരാളുടെ ആവശ്യപ്രകാരമെന്നു പറഞ്ഞ് 1,000 രൂപ വാഗ്ദാനം ചെയ്താണ് ശാന്തയെ ഓട്ടോറിക്ഷയില്‍ ആനന്ദപുരത്തെ വീട്ടിലെത്തിച്ചത്. നാരങ്ങാവെള്ളത്തിലും മറ്റ് ഭക്ഷണങ്ങളിലും ഉറക്കഗുളിക ചേര്‍ത്തുനല്‍കി മയക്കി. അബോധാവസ്ഥയിലായ ശാന്തയെ അര്‍ധരാത്രിയോടെ തലയണ മുഖത്ത് അമര്‍ത്തി ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. ഒന്‍പത് പവനോളം ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.

ജഡത്തിന്റെ അടയാളങ്ങളില്‍നിന്ന് തൃശൂരിലെ ലൈംഗിക തൊഴിലാളികള്‍ ശാന്തയെ തിരിച്ചറിഞ്ഞതാണ് അറസ്റ്റിന് വഴിതെളിച്ചത്. ശാന്തയെ അവസാനമായി ഓട്ടോയില്‍ കൊണ്ടുപോയത് ജിലീഷ് ആണെന്ന് മനസിലാക്കിയ പൊലീസ് അന്വേഷണം ആ വഴിക്ക് തിരിക്കുകയായിരുന്നു.