പിണറായിയെ വിമര്‍ശിച്ച് അബ്ദുള്ളക്കുട്ടിയുടെ ലേഖനം

Posted on: January 29, 2014 2:18 pm | Last updated: January 29, 2014 at 11:55 pm

abdullakkuttiതിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികളെ ബംഗാളില്‍ ഉന്മൂലനം ചെയ്ത രീതി കേരളത്തില്‍ പ്രയോഗിക്കണമെന്ന് പിണറായി വിജയന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മുന്‍ സി പി എം എം പിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ടി പി വധക്കേസിലെ വിധിയുടെ പശ്ചാതലത്തില്‍ ‘ഈ വിധി കണ്ണൂര്‍ക്കാര്‍ക്ക് വല്ലാത്ത ധൈര്യം നല്‍കുന്നു’ എന്ന തലക്കെട്ടില്‍ വീക്ഷണം പത്രത്തിലെഴുതിയ ലേഖനത്തിലാണ് അബ്ദുള്ളക്കുട്ടി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

2008ല്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് പിണറായി വിവാദ പരാമര്‍ശം നടത്തിയതായി അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തല്‍. പാര്‍ലിമെന്റില്‍ ബി ജെ പി എം പിമാര്‍ സി പി എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിഷേധിക്കുന്ന വിവരങ്ങള്‍ പി സതീദേവി പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

സതീദേവി പറഞ്ഞതിലും കാര്യമുണ്ടെന്ന് പറഞ്ഞ പിണറായി ബംഗാള്‍ രീതിയില്‍ എതിരാളികളെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിച്ചു എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ‘നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകമറിയുകയില്ല.’ പിണറായിയുടെ ഈ വിശദീകരണം കേട്ട് താന്‍ ഞെട്ടുകയും നാവ് വരണ്ട് പോകുകയും ചെയ്തതായാണ് അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നത്.