ക്വാറി പ്രവര്‍ത്തനം: പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നു

Posted on: January 28, 2014 8:40 am | Last updated: January 28, 2014 at 8:40 am

മഞ്ചേരി: ആനക്കയം പഞ്ചായത്തില്‍ പാപ്പിനിപ്പാറ – നറുകര റോഡില്‍ നരിക്കപ്പാറയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിങ്കല്‍ ക്വാറി സമീപത്തെ എഴുപത്തി മൂന്നോളം വീടുകള്‍ക്ക് ഭീഷണിയാകുന്നതായി പരാതി.
ഇതു സംബന്ധിച്ച് പരിസരവാസികളായ 115 പേര്‍ ഒപ്പിട്ട നിവേദനം 2013 ഡിസംബര്‍ 13ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ പരിഹാര നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
പാറ പൊട്ടിക്കുമ്പോള്‍ ചീളുകള്‍ തെറിച്ച് വീടുകള്‍ക്കും ആളുകള്‍ക്കും പരിക്കേല്‍ക്കുന്നത് പതിവാണ്. പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ജലശോഷണം, കൃഷി നാശം, പാറപ്പൊടി മൂലം അനുഭവപ്പെടുന്ന ശ്വാസം മുട്ടലും അലര്‍ജിയും തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍, ക്വാറിയിലേക്ക് വരുന്ന ടിപ്പര്‍ ലോറി ഉണ്ടാക്കുന്ന അപകടങ്ങള്‍ എന്നിവയാണ് നാട്ടുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍.
സമീപവാസിയായ മൊടത്തീരി കുഞ്ഞാലന്റെ വീട്ടു മുറ്റത്ത് വലിയ കരിങ്കല്ല് തെറിച്ചുവീണ് തലനാരിഴക്കായിരുന്നു കുടുംബം രക്ഷപ്പെട്ടത്. 2011ല്‍ നടന്ന ഈ സംഭവത്തെ തുടര്‍ന്ന് കുറച്ചു കാലം ക്വാറി പ്രവര്‍ത്തിച്ചിരുന്നില്ല. ഇക്കാര്യം നറുകര വില്ലേജ് ഓഫീസര്‍ ഏറനാട് തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ക്വാറി പ്രവര്‍ത്തിക്കുന്നത് മൂലമുള്ള ആരോഗ്യ – പരിസ്ഥിതി പ്രശ്‌നങ്ങള്‍ ആനക്കയം വില്ലേജ് ഓഫീസര്‍ നേരിട്ടെത്തി ബോധ്യപ്പെട്ടിട്ടുള്ളതും ഏറനാട് തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. ഈമാസം 14ന് നറുകര മൊടത്തീരി ശറഫുദ്ദീന്‍ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി പെരിന്തല്‍മണ്ണ ആര്‍ ഡി ഒയുടെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുമുണ്ട്.