‘കോമക്‌സ് 2014’ ഏപ്രില്‍ ഏഴിന് തുടക്കമാകും

Posted on: January 26, 2014 3:24 pm | Last updated: January 26, 2014 at 3:24 pm

മസ്‌കത്ത്: വിവര സാങ്കേതിക മേഖലയിലെ പുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളുമായി ‘കോമക്‌സ് 2014’ എഡിഷന്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. മൈക്രോ സോഫ്റ്റ്, സാംസംഗ്, നോകിയ, എല്‍ ജി, ഹുവായ് തുടങ്ങിയ ഐ ടി, മൊബൈല്‍ കമ്പനികളുമടക്കം സാങ്കേതിക മേഖലയില്‍ സജീവ സാന്നിധ്യമുള്ള രാജ്യത്തിനകത്തെയും പുറത്തെയും 150 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഒമാന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് എക്ബിഷന്‍സും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗവും സംയുക്തമായായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

വിവര സാങ്കേതിക മേഖലയിലെ പുതിയ സേവനങ്ങളെ രാജ്യത്ത് പരിചയപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയെന്നാണ് കോമക്‌സിനെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. സാങ്കേതിക മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും പ്രദര്‍ശനത്തിലൂടെ സാധിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗവും ഇ- ഒമാന്‍ അധികൃതരും പ്രദര്‍ശനം കൂടുതല്‍ വ്യത്യസ്തമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ക്കും സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനം വേദിയാകും. വിവര സാങ്കേതിക മേഖലയിലെ മാനേജ്‌മെന്റ് രീതികള്‍, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ് ഫോര്‍ നാഷന്‍ ബില്‍ഡിംഗ്, ചെറുകിട വ്യവസായ മേഖയിലെ സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും സംഘടിപ്പിക്കും.
വിവര സാങ്കേതിക മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, പുതിയ ഉപഭോക്തൃ രീതികള്‍, കച്ചവട മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍, വിദഗ്ധര്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. 80,000ല്‍ കൂടുതല്‍ സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തോഷിബ, സാംസംഗ് എന്നീ കമ്പനികളില്‍ നിന്നാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനെത്തുക. വിവിധ കമ്പനികളിലെ നിക്ഷേപകരും പ്രദര്‍ശനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കും.
വിവര സാങ്കേതിക മേഖലയില്‍ രാജ്യത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജനംസഖ്യയുടെ 68 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ജനങ്ങള്‍ക്കിടിയില്‍ വിവര സാങ്കേതിക മേഖലയുടെ വികസനം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇ- ഒമാന്‍ പദ്ധതിയിലൂടെയാണ് വിവിധ സേവനങ്ങള്‍ നൂതന സംവിധാനങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്. സാമ്പത്തിക മേഖലക്ക് നേട്ടമുണ്ടാക്കാനും ഇതിലൂടെ സാധിച്ചു. ഇ- ഒമാന്‍ സേവനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പവലിയനും കോമക്‌സില്‍ ഒരുക്കും. മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, കമ്പ്യൂട്ടര്‍ ഉത്പന്നങ്ങള്‍, ടി വി എന്നിവക്ക് മികച്ച ഓഫറുകളും വിലക്കുറവും കോമക്‌സിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കാറുണ്ട്.