ഇനി കൊടിയേറ്റം കൊച്ചിയില്‍

  Posted on: January 25, 2014 11:41 pm | Last updated: January 25, 2014 at 11:41 pm

  kalothsavamപാലക്കാട്: കരിമ്പനകളുടെ നാട്ടില്‍ നിന്ന് കൗമാര കേരളം ചിലങ്കയഴിച്ച് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി വ്യാവസായിക കേരളത്തിന്റെ സൈറണ്‍ മുഴങ്ങുന്ന കൊച്ചിയില്‍ അടുത്ത വര്‍ഷത്തെ കൊടിയേറ്റം. ആ വരവേല്‍പ്പിനായി ഇനി അറബിക്കടലിന്റെ റാണി കാത്തിരിക്കും. ഗ്രാമീണതയുടെ ഹൃദയവികാരങ്ങള്‍ ഒപ്പിയെടുത്താണ് മേള പാലക്കാട് നിന്ന് മധ്യവര്‍ഗത്തിന്റെ കുടിയേറ്റ ഭൂമിയായ മെട്രോ നഗരത്തിലേക്കെത്തുന്നത്.

  രഥോല്‍സവവും കാളവേലയും വെഞ്ചാമരവും മുത്തുക്കുടയും ചെണ്ട മേളയും വിസ്മയം തീര്‍ക്കുന്ന കരിമ്പനക്കാട്ടില്‍ നിന്ന് കലോത്സവ പതാക എറണാകുളത്തിനായി കൈമാറ്റപ്പെട്ടു.
  സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഏറെ വേദിയായ പാലക്കാട് നിന്ന് കൗമാര മേളയെത്തുന്നത് ചരിത്രവും സംസ്‌കാരവും ഇഴചേര്‍ന്നു കിടക്കുന്ന വ്യാവസായിക നഗരത്തിലേക്കാണ്. കേരളത്തിലെമ്പാടു നിന്നും കലയുടെ കൈവിളക്കുമായെത്തിയ കൗമാരത്തിന്റെ പ്രതിഭകള്‍ ആട്ടമായും ആലാപനമായും വരയായും പാലക്കാട് വിരിഞ്ഞിറങ്ങിയത് പുതു പ്രതീക്ഷകളായിരുന്നു. പാഠ്യേതര ജ്ഞാനത്തിന്റെ മുഖം നോക്കിയ ഏഴ് നാളുത്സവത്തിനൊടുവില്‍ കനക കിരീടത്തില്‍ മുത്തമിട്ടവരോടൊപ്പം ചില താര പിറവികള്‍ക്കു കൂടിയാണ് കലാ കേരളം സാക്ഷിയായത്.
  54 ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കുന്നത് നഗരിയില്‍ നിന്നുയര്‍ന്ന ചില ചോദ്യങ്ങളുമായാണ്. മത്സരിക്കുന്നവര്‍ക്കൊക്കെ ഗ്രേഡ് നല്‍കുന്നെങ്കില്‍ പിന്നെന്തിനീ മേള, മേളയുടെ സമയക്രമം തെറ്റിക്കുന്ന അപ്പീലുകളെ എങ്ങനെ നിയന്ത്രിക്കാനാകും.? വിവാദങ്ങളില്ലാത്ത വിധിനിര്‍ണയം എങ്ങനെ സാധ്യമാകും,?
  മേളയുടെ അണിയറയില്‍ ലക്ഷങ്ങള്‍ കിലുങ്ങുമ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ഥികളെ മേളകളിലേക്ക് എങ്ങനെ തിരികെ കൊണ്ട് വരും…? ഇത്തരം കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ അധികൃതര്‍ക്കാകില്ല. മാന്വല്‍ പരിഷ്‌കരണത്തില്‍ ഇത്തരം വിഷയങ്ങളും കടന്നുവന്നേക്കാം.