Connect with us

Gulf

ദുബൈയില്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കും

Published

|

Last Updated

ദുബൈ: എമിറേറ്റില്‍ ആദ്യത്തെ സോളാര്‍ പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയാണ് സ്വിസ് കമ്പനിയായ ക്ലീന്‍ എനര്‍ജിയും അല്‍ ഫുതൈം കരിലിയോണ്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടത്.
ക്ലീന്‍ എനര്‍ജി വികസിപ്പിച്ചെടുത്ത സോളാര്‍ സിസ്റ്റവും അല്‍ ഫുതൈം കരിലിയോണിന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യവും ചേര്‍ന്ന് ദുബൈയുടെ ഭാവി ഊര്‍ജ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
110 കിലോവാട്‌സ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 10 യൂണിറ്റുകളാണ് സ്ഥാപിക്കുക. അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ധാരണയായിട്ടുള്ളത്. ഏറ്റവും നല്ല രീതിയില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തി ദുബൈയുടെ ഊര്‍ജ്ജ സ്രോതസ്സിനെ സമ്പുഷ്ടമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഊര്‍ജമേഖലയിലെ രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിക്കു വേണ്ടി യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാല്‍വെപ്പുകളുടെ ഭാഗമാണ് സൗരോര്‍ജ പവര്‍ സ്റ്റേഷന്‍ നിര്‍മാണമെന്ന് ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 2030 ലേക്കുള്ള ദുബൈയുടെ സമ്പൂര്‍ണവും വൈവിധ്യമാര്‍ന്നതുമായ ഊര്‍ജ സ്രോതസ്സുകളെ കണ്ടെത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗവുമാണിത്.
ഇത് ഞങ്ങള്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ്. ദിവ, അല്‍ ഫുതൈം കരിലിയോണ്‍ പോലെയുള്ള സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതും പരസ്പരം കൈകോര്‍ക്കുന്നതും ഞങ്ങള്‍ വലുതായി കാണുന്നു. ഈ കരാറിന്റെയും കൈ കോര്‍ക്കലിന്റെയും ഗുണ ഫലം ഈ പ്രദേശത്തിന് മാത്രമല്ല ലോകം മുഴുക്കെ പ്രതിഫലിക്കുമെന്ന് ക്ലീന്‍ എനര്‍ജി സി ഇ ഒ ആന്‍ഡ്രീസ് കോര്‍ടീസ് പറഞ്ഞു.
ക്ലീന്‍ എനര്‍ജി കമ്പനിക്കു കരാര്‍ അഭിമാനകരമാണെന്നും ഇതിലൂടെ മധ്യ പൗരസ്ഥ്യ ദേശത്തേക്ക് കടന്നുവരാനുള്ള വാതിലുകള്‍ കമ്പനിക്കു മുമ്പില്‍ തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും ആന്‍ഡ്രീസ് പറഞ്ഞു.
ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ അന്വേഷിക്കുന്ന ദുബൈക്ക് നല്ല ഒരവസരമാണ് കൈവന്നിരിക്കുന്നതെന്നും 2030 ഓടെ ദുബൈക്ക് ആവശ്യമാകുന്ന മൊത്തം വൈദ്യൂതിയുടെ അഞ്ചു ശതമാനം ഈ സൗരോര്‍ജ സ്റ്റേഷനിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കരാറില്‍ ഒപ്പിട്ട അല്‍ ഫുതൈം കാരിലിയോണ്‍ പ്രതിനിധി സൈമണ്‍ വെബ് പറഞ്ഞു.