എന്‍ എസ് എയുടെ ഫോണ്‍ ചോര്‍ത്തലുകള്‍ നിര്‍ത്തണമെന്ന് സ്വതന്ത്ര അന്വേഷണ സമിതി

Posted on: January 23, 2014 10:40 pm | Last updated: January 23, 2014 at 10:40 pm

NSAവാഷിംഗ്ടണ്‍: യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തുന്ന ഫോണ്‍, ഇന്റെര്‍നെറ്റ് വിവരങ്ങളുടെ ചോര്‍ത്തലുകള്‍ നിയമവിരുദ്ധമെന്ന് യു എസ് നിരീക്ഷകര്‍. പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ബോര്‍ഡാണ് രഹസ്യം ചോര്‍ത്തല്‍ പദ്ധതി യു എസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ബോര്‍ഡിലെ മൂന്നില്‍ രണ്ട് അംഗങ്ങളും ചാരപ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വന്‍തോതില്‍ ഫോണ്‍, ഇന്റെര്‍നെറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നത് വലിയ സ്വകാര്യതാലംഘന പ്രശ്‌നങ്ങള്‍ക്കിടയാക്കും. രാജ്യസുരക്ഷക്ക് വേണ്ടി സംശയിക്കുന്നവരുടെയോ പ്രതികളുടെയോ ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിന് തെറ്റില്ലെന്നും സമിതി വിലയിരുത്തി.
എന്‍ എസ് എയുടെ ഫോണ്‍ ചോര്‍ത്തല്‍ തുടരുമെന്ന് നേരത്തെ പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിരുന്നു. മുന്‍ എന്‍ എസ് എ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനാണ് ഫോണ്‍ ഇന്റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്ക വ്യാപകമായി ചോര്‍ത്തുന്ന വിവരം പുറത്ത് വിട്ടത്. ഇത് അധാര്‍മികമാണെന്നും യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചതെന്നും സ്‌നോഡന്‍ വ്യക്തമാക്കിയിരുന്നു.
വിവിധ രാഷ്ട്രത്തലവന്‍മാരുടേത് ഉള്‍പ്പെടെയുള്ളവരുടെ ഫോണും, ഇ മെയിലുകളുമാണ് എന്‍ എസ് എ ചോര്‍ത്തിയത്. തുടര്‍ന്ന് യു എസ് പ്രതിക്കൂട്ടിലായി. എന്നാല്‍ നിയമപരമായ ഇന്റലിജന്‍സ് നിരീക്ഷണം മാത്രമേ നടത്തിയിട്ടൂള്ളൂ എന്ന നിലപാടാണ് ഒടുവില്‍ ഒബാമ സ്വീകരിച്ചത്. എന്‍ എസ് എയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ യു എസ് കോടതിയും വിധിച്ചിരുന്നു.