അനൗണ്‍സര്‍മാര്‍ കനിവു കാട്ടി; പാതിരാമത്സരങ്ങളുടെ പതിവു തെറ്റി

Posted on: January 20, 2014 11:35 pm | Last updated: January 20, 2014 at 11:35 pm

പാലക്കാട്: കലോത്സവ നഗരികളിലെ ഹീറോകളാണ് അനൗണ്‍സര്‍മാര്‍. ഇവരുടെ മുഴങ്ങുന്ന ശബ്ദത്തിനും ആലങ്കാരിക പ്രയോഗത്തിനുമായി മണിക്കൂറുകളാണ് ഓരോ വേദിയിലും കളഞ്ഞുകുളിക്കുന്നത്. അനൗണ്‍സര്‍മാര്‍ അരങ്ങു വാഴുന്ന വേദികളാണ് സാധാരണ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍.
വേദികളില്‍ നടക്കുന്ന മത്സരത്തിന്റെ ഉത്ഭവം തൊട്ട് മത്സരത്തിന്റെ സ്വഭാവവും ചരിത്രവും വേദികളില്‍ നിന്ന് ഇടവേളകളില്‍ കേട്ടുകൊണ്ടിരിക്കും. കലോത്സവ നടത്തിപ്പിന് വേദിയാകുന്ന നഗരത്തിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരിക മുന്നേറ്റവും എല്ലാം ഇടക്കിടെ മുഴങ്ങിക്കേള്‍ക്കും. കലോത്സവ നഗരികളിലെ നടപ്പ് രീതിയാണിത്. വിധികര്‍ത്താക്കളെ പരിചയപ്പെടുത്താനും അവരെ വാഴ്ത്താനുമായി ഏറെ സമയം കളയാറുണ്ട് എല്ലായിടത്തും. അധ്യാപകരിലെ അത്യാവശ്യം കഴിവുള്ളവരെയും പ്രൊഫഷനല്‍ അനൗണ്‍സര്‍മാരെയുമാണ് ഇതിനായി ഉപയോഗിക്കാറുള്ളത്.
എന്നാല്‍ ഈ പതിവിന് പാലക്കാട് മാറ്റം വന്നിരിക്കുന്നു. അനൗണ്‍സര്‍മാര്‍ നീട്ടിയും കുറുക്കിയും മുഴക്കിയുമുള്ള ശബ്ദം കുറച്ചതോടെ ഫലവും കണ്ടു. മണിക്കൂറുകള്‍ മൈക്ക് തിന്നുന്ന ഇവര്‍ വഴി മാറിയതോടെ പാതിരാവരെ കാത്തിരിക്കാതെ മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ക്കായി. മത്സരങ്ങളുടെ ഇടവേള സയമം കൂടുതല്‍ നഷ്ടപ്പെടുത്തുന്നത് വര്‍ഷങ്ങളായി മത്സരാഥികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടികാണിക്കുന്നതാണ്.
ഇത്തവണ ഇതിന് പരിഹാരം കണ്ടപ്പോള്‍ ലാഭിക്കാനായത് മണിക്കൂറുകളാണ്. ഇന്നലെ പ്രധാന വേദിയായ മഴവില്ലില്‍ എട്ട് മണിക്ക് മുമ്പായി നിശ്ചയിച്ച മത്സരങ്ങള്‍ തീര്‍ന്നെന്ന അറിയിപ്പു വന്നപ്പോള്‍ സദസ്സിലുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. സാധാരണ അര്‍ധരാത്രി പിന്നിട്ടാല്‍ മാത്രം തീരുന്ന മത്സരങ്ങളാണ് രാത്രി എട്ടിനു മുമ്പ് തീര്‍ക്കാനായത്.
എന്നാലും മറ്റു കാരണങ്ങള്‍ കൊണ്ട് ചില വേദികളില്‍ മത്സരം ഏറെ വൈകിയാണ് അവസാനിക്കുന്നത്. പ്രോഗ്രാം കമ്മിറ്റി ജാഗ്രത തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ഉറക്കമൊഴിക്കാതെ ആസ്വാദകര്‍ക്ക് മേള കാണാനായേക്കും.