അടിതെറ്റി, താളം പിഴച്ചു; കോല്‍ക്കളി വേദി കണ്ണീരണിഞ്ഞു

Posted on: January 20, 2014 11:34 pm | Last updated: January 21, 2014 at 9:31 pm

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ആതിഥേയരായ പാലക്കാട്ടുകാര്‍ക്ക് അടിയും താളവും പിഴച്ചു. അപ്പീല്‍ വഴിയെത്തിയവര്‍ ഉള്‍പ്പെടെ നാല് ടീമുകളാണ് ഇന്നലെ കോല്‍ക്കളിയില്‍ മത്സരിച്ചത്. ഇവരില്‍ രണ്ട് ടീമുകള്‍ക്ക് അവസാനം താളം പിഴച്ചതോടെ കളി കൈവിട്ടുപോയി.
കഞ്ചിക്കോട് ജി വി എച്ച് എസ് എസ് ടീമംഗം സ്‌റ്റെപ്പ് മാറിക്കളിച്ചതോടെയാണ് കളി അവതാളത്തിലായത്. മികച്ച കളി പുറത്തെടുക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്യുന്നതിനിടയിലാണ് അടിപിഴച്ചത്. ഇടക്ക് മത്സരം നിലച്ചെങ്കിലും വീണ്ടും താളം പിടിച്ച് തിരിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ കളി തീര്‍ത്ത് വേദി വിട്ടിറങ്ങിയതോടെ ടീമംഗങ്ങള്‍ കെട്ടിപ്പിടിച്ച് കൂട്ടക്കരച്ചിലായി.
അധ്യാപകരും സഹപാഠികളും ആശ്വാസ വചനങ്ങളുമായി എത്തിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് ഇവര്‍ കരച്ചില്‍ അവസാനിപ്പിച്ചത്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഗുരുകുലം എച്ച് എസ് എസിലെ വിദ്യാര്‍ഥികളിലൊരാള്‍ കാലിനേറ്റ മുറിവുമായാണ് വേദിയിലെത്തിയത്. ഇവരും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെ മറ്റൊരു കളിക്കാരന്റെ കാല്‍ മുറിവില്‍ തട്ടി കളിയുടെ വേഗത നഷ്ടപ്പെടുകയായിരുന്നു.
താളം തെറ്റിയതോടെ കളി ഇടക്ക് നിലച്ചെങ്കിലും പെട്ടെന്ന് വീണ്ടെടുത്ത് കളി അവസാനിപ്പിച്ചു. കോല്‍ക്കളിയിലെ എടരിക്കോടന്‍ പെരുമയുമായി എത്തിയ മലപ്പുറം ജില്ലയിലെ പി കെ എം എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ക്ക് കളിക്കിടയില്‍ കോല്‍ താഴെ വീണതും കളിക്കിടയിലെ കല്ലുകടിയായി.
മത്സരഫലം വന്നപ്പോള്‍ കഞ്ചിക്കോട് സ്‌കൂളിന് ബി ഗ്രേഡും ഗുരുകുലം സ്‌കൂളിനും എടരിക്കോട് സ്‌കൂളിനും എ ഗ്രേഡുകളും ലഭിച്ചു.