Connect with us

Kozhikode

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരാളെയും ദ്രോഹിക്കില്ല: ആഭ്യന്തര മന്ത്രി

Published

|

Last Updated

കോഴിക്കോട്: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കുടിയേറ്റ മേഖലയിലെ ഒരാളെപ്പോലും സര്‍ക്കാര്‍ ദ്രോഹിക്കില്ലെന്നും അവരുടെ താത്പര്യം സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം കേരളത്തിലെ എം പിമാരോടും തന്നെ സന്ദര്‍ശിച്ച ബിഷപ്പുമാരോടും സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
മണ്ണിനോടും കാലാവസ്ഥയോടും മല്ലിട്ട് ജയിച്ച കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സി പി എം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പത്ത് വോട്ട് തട്ടാമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം കെ രാഘവന്‍ എം പി നയിക്കുന്ന വികസന സന്ദേശ യാത്ര കൂരാച്ചുണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതരാഷ്ട്രം കെട്ടിപ്പെടുക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ബി ജെ പിയും രാജ്യത്തെ കെട്ടിപ്പടുത്ത കോണ്‍ഗ്രസും തമ്മിലാണ് മത്സരം. സി പി എമ്മിന് അവിടെ പ്രസക്തി പോലുമില്ല. സി പി എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ഫലത്തില്‍ ദേശീയ തലത്തില്‍ ബി ജെ പിയെ സഹായിക്കുന്ന വോട്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ 2009 ആണ് ആവര്‍ത്തിക്കുകയെന്ന് പിണറായി വിജയന്‍ മനസ്സിലാക്കിയാല്‍ നല്ലത്. മോഡിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. മൂന്നാം മുന്നണി എന്നത് ദിവാസ്വപ്‌നം മാത്രമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്ന് പറഞ്ഞപോലെയാണ് മതേതരത്വത്തിന് കോണ്‍ഗ്രസ് നല്‍കുന്ന വില തിരിച്ചറിയാന്‍ പറ്റാത്തത്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് യു ഡി എഫിന് പരമാവധി സീറ്റ് ലഭിക്കണമെന്ന് പറയുന്നത്. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു.