Connect with us

International

വിമതരില്‍ നിന്ന് ബോര്‍ നഗരം ദ.സുഡാന്‍ സൈന്യം തിരിച്ചുപിടിച്ചു

Published

|

Last Updated

ജുബ: ദക്ഷിണ സുഡാനില്‍ വിമത സൈന്യം പിടിച്ചെടുത്ത ബോര്‍ നഗരം ഔദ്യോഗിക സൈനിക വിഭാഗം തിരിച്ചുപിടിച്ചു. സൈനിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. പുറത്താക്കപ്പെട്ട മുന്‍ വൈസ് പ്രസിഡന്റ് റീക് മച്ചറിനെ അനുകൂലിക്കുന്ന വിമത സൈന്യത്തിലെ 15,000 അധികം വരുന്ന സൈനികരെ ബോറില്‍ നിന്ന് തുരത്തിയതായി സൈനിക വക്താവ് ഫിലിപ് അഗ്വര്‍ പറഞ്ഞു. എന്നാല്‍, വിമത സൈനിക വക്താക്കളോ നേതാക്കളോ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. റീക് മച്ചറിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടക്കുന്നുണ്ടെന്ന പ്രസിഡന്റ് സല്‍വാ കീറിന്റെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ മാസം 15ന് ആരംഭിച്ച ഏറ്റുമുട്ടലില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തുന്ന കനത്ത മുന്നേറ്റമാണ് ബോറിലെ വിജയമെന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റുമുട്ടലുകളില്‍ ഇതുവരെ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. കലാപ മേഖലകളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ പെട്ടെന്ന് തന്നെ എണ്ണ സമ്പന്ന പ്രദേശമായ ബോര്‍ നഗരം വിമത വിഭാഗം പിടിച്ചെടുത്തിരുന്നു. പിന്നീട് ബോര്‍ കേന്ദ്രീകരിച്ചാണ് മറ്റ് നഗരങ്ങളിലും മറ്റും വിമതര്‍ ആക്രമണം നടത്തിയത്. പിന്നീട് റീക് മച്ചറിനെ അനുകൂലിച്ച് അദ്ദേഹത്തിന്റെ ഗോത്ര വിഭാഗവും പ്രസിഡന്റ് സല്‍വാ കീറിന്റെ അനുയായികളും രംഗത്തെത്തുകയും രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തരം ഇടപെടലുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.

Latest