സി പി ഐ (എം) നിരാഹാര സമരം പിന്‍വലിച്ചു

Posted on: January 19, 2014 6:12 am | Last updated: January 19, 2014 at 7:37 am

cpm

കണ്ണൂര്‍: പാചകവാതകത്തിന്റെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ സി പി എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സബ്‌സിഡി സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ സി പി എം നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചത്. സബ്‌സിഡിയുള്ള പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ഷത്തില്‍ ഒമ്പതില്‍ നിന്ന് 12 ആയി ഉയര്‍ത്തുമെന്നും ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷവും സമരം തുടരുന്നതിനിടെ, ഇന്നലെ ഉച്ചയോടെ ഉപവാസ സമരം പിന്‍വലിച്ചതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എം എല്‍ എയും പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ലെന്ന നിഷേധ നിലപാട് നേരത്തെ സ്വീകരിച്ച മന്ത്രിക്ക് പിന്നീട് അത് തിരുത്തേണ്ടിവന്നു. കക്ഷിരാഷ്ട്രീയഭേദമെന്യേയുള്ള പ്രതിഷേധമാണ് ഈ നിലപാട് മാറ്റത്തിനു കാരണമെന്നും പിണറായി പറഞ്ഞു. അതേസമയം, പാചകവാത സിലിന്‍ഡറിന്റെ കാര്യത്തിലുള്ള സമരം മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിച്ചതെന്നും ആധാര്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള വിഷയത്തില്‍ തുടര്‍ പ്രക്ഷോഭം പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.