Connect with us

Ongoing News

ബാലകൃഷ്ണ പിള്ളയുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: കമ്പനി നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് മുന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണ പിള്ളയെ ക്യാബിനറ്റ് റാങ്കോടെ നിയമിച്ചതെന്ന് നിയമോപദേശം. നിയമ വകുപ്പ് സെക്രട്ടറി സി പി രാമരാജ പ്രേമപ്രസാദ് നല്‍കിയ നിയമോപദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചട്ടവിരുദ്ധമായി അദ്ദേഹത്തിനു ചെയര്‍മാന്‍ പദവിയോ ഡയറക്റ്റര്‍ സ്ഥാനമോ വഹിക്കാനാകില്ലെന്നും ഭരണ വകുപ്പ് ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിയമോപദേശത്തിലുണ്ട്.
2013 ജൂലൈ 23നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണ പിള്ളയെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ കെ ബി ഗണേഷ് കുമാറിന് നേരത്തെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. എന്നാല്‍ കുടുംബപ്രശ്‌നം ഒത്തുതീര്‍പ്പായതോടെ ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് കൊണ്ടിരിക്കെയാണ് ക്യാബിനറ്റ് റാങ്കോടെയുള്ള പിള്ളയുടെ നിയമനം.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിര്‍ദേശമനുസരിച്ചാണ് പിള്ള ഈ പദവി ഏറ്റെടുത്തത്.