Connect with us

Gulf

പാര്‍ക്കിംഗ് പ്രശ്‌നത്തിന് റോബോട്ടിക് സംവിധാനം

Published

|

Last Updated

ദുബൈ: ലോക നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്‌നത്തിന് റോബോട്ടിക് സംവിധാനവുമായി അര്‍മഡ മാസിബസ് ഇലക്‌ട്രോ മെക്കാനിക്കല്‍ കമ്പനി.

ഉരുക്കു ബാറുകള്‍ ഉപയോഗിച്ച് പ്രത്യേകം നിര്‍മിക്കുന്ന ഹി മാന്‍ റോബോ പാര്‍ക്ക് ടവര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് കമ്പനി സജ്ജമാക്കുകയെന്നും ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ക്ക് ഹി മാന്‍ റോബോ പാര്‍ക്ക് ടവറിലൂടെ പാര്‍ക്കിംഗ് ലഭ്യമാക്കാന്‍ സാധിക്കുമെന്നും കമ്പനി എം ഡി വസീര്‍ റഹ്മനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി എസ് നൗഷാദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തില്‍ ഈ രംഗത്തുള്ള ഏറ്റവും മികച്ച സംവിധാനമാണ് ഇത്. 80 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 120 കാറുകള്‍ ഈ രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. പത്തു നില വരെ ഉയരത്തില്‍ പാര്‍ക്കിംഗ് കേന്ദ്രം നിര്‍മിക്കാം.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യ പാര്‍ക്കിംഗ് അങ്കമാലിയില്‍ നിര്‍മിച്ചതായും ഇരുവരും പറഞ്ഞു. ദുബൈ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങളില്‍ മറ്റ് കമ്പനികളും ഉരുക്കു ബാറുകളില്‍ താങ്ങിനിര്‍ത്തുന്ന പാര്‍ക്കിംഗ് കേന്ദ്രങ്ങളുടെ നിര്‍മാണം നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ കമ്പനിയാണ് ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക് മാര്‍ഗം നടപ്പാക്കുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. സംവിധാനം രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും ഇന്ത്യന്‍ കമ്പനിയായ ഹി മാന്‍ ഓട്ടോ റോബോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാതൃകമ്പനിയാണ്. പാര്‍ക്കിംഗ് പണിയാനുള്ള അടിത്തറ മാത്രമാണ് ഉപഭോക്താവ് പണിയേണ്ടത്.
നാലു മാസം മുതല്‍ ആറു മാസത്തിനകം പാര്‍ക്കിംഗ് കേന്ദ്രം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ഇരുവരും പറഞ്ഞു. 14ന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എംകെ ഗ്രൂപ്പ് എം ഡി പത്മശ്രീ എം എ യൂസുഫലി നിര്‍വഹിച്ചു. ലൈഫ് ലൈന്‍ ആന്‍ഡ് ബുര്‍ജീല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി പി ഷംസീര്‍, കെ മുഹമ്മദ്, അബ്ദുല്‍ കലാം പങ്കെടുത്തു.