ഉപവാസം 130 കേന്ദ്രങ്ങളില്‍: സി പി എം ഉപവാസ സമരം തുടങ്ങി

Posted on: January 16, 2014 7:48 am | Last updated: January 16, 2014 at 7:48 am

കോഴിക്കോട്: പാചകവാതകത്തിന്റെയും അവശ്യ വസ്തുക്കളുടെയും വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല നിരഹാര സമരത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലെ 130 കേന്ദ്രങ്ങളിലായാണ് നിരാഹാര സമരം നടക്കുന്നത്.
നഗരത്തില്‍ പബ്ലിക്ക് ലൈബ്രറി പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനാണ് നിരാഹാരമിരിക്കുന്നത്. പിന്തുണയുമായി ആദ്യ ദിനം തന്നെ നൂറിലധികം പേര്‍ ഉപവാസമിരുന്നു. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സി പി എമ്മിന്റെ വിവിധ പോഷക സംഘടനാ നേതാക്കളും ഘടകക്ഷി നേതാക്കളും വേദിയിലെത്തി.
ഹാരാര്‍പ്പണം നല്‍കി നിരാഹാരസമരം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റുകളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന കോര്‍പ്പറേറ്ററുകളുടെ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. വിലക്കയറ്റം ആഗോളപ്രതിഭാസമല്ല. ആഗോള വിലക്കയറ്റമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവും പാചകവാതകത്തിലും നഷ്ടമെന്ന് പറയുന്നത് കളവാണ്. കോണ്‍ഗ്രസിന്റെ പ്രചരണവാഹനം പോലീസ് വാഹനമായി മാറി. പോലീസ് വാഹനത്തിലേക്ക് പ്രചരണവാഹനം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സി പി എം ടൗണ്‍ ഏരിയാ സെക്രട്ടറി പി ലക്ഷ്മണന്‍, ജില്ലാ കമ്മിറ്റി അംഗം പി ടി രാജന്‍ സംബന്ധിച്ചു.