വിദേശ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാലാ ക്യാമ്പസില്‍ അന്താരാഷ്ട്ര ഹോസ്റ്റല്‍ തുറന്നു

Posted on: January 13, 2014 11:49 pm | Last updated: January 13, 2014 at 11:49 pm

തേഞ്ഞിപ്പലം: വിദേശ രാജ്യങ്ങളില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉപരിപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസ്സലാം.
വിദേശ വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നിര്‍മിച്ച പ്രത്യേക അന്താരാഷ്ട്ര ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ സംസ്‌കാര വൈവിധ്യവും ഭക്ഷണ രീതികളിലെ വ്യത്യസ്തതയും മറ്റും കണക്കിലെടുത്ത് നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണ് ശ്രമം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലാണ്.
വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ആവിഷ്‌കരിച്ച ഏകജാലക സമ്പ്രദായം അന്യസംസ്ഥാന സര്‍വകലാശാലകള്‍ പോലും മാതൃകയാക്കിയിട്ടുണ്ട്. പരിസ്ഥിതി അതേപടി നിലനിര്‍ത്തി കൊണ്ട് നിര്‍മിച്ച മൂന്ന് നിലകെട്ടിടമാണ് അന്താരാഷ്ട്ര ഹോസ്റ്റല്‍. പണിപൂര്‍ത്തിയായ ആദ്യ നിലയില്‍ 20 സിംഗിള്‍ റൂമുകളുണ്ട്. റീഡിംഗ് റൂം, ഓഫീസ് തുടങ്ങിയ മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സിലര്‍ കെ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യൂനിവേഴ്‌സിറ്റി എന്‍ജിനീയര്‍ കെ കെ അബ്ദുന്നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി എം നിയാസ്, ഡോ.ടി പി അഹമ്മദ്, സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡീന്‍ പി വി വത്സരാജ്, ഡോ. എം ബി .മനോജ് പ്രസംഗിച്ചു.