ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനം തിരുവനന്തപുരത്ത്

Posted on: January 13, 2014 11:32 pm | Last updated: January 13, 2014 at 11:32 pm

കോഴിക്കോട്: ന്യൂനപക്ഷാവകാശങ്ങളുടെ സമകാലിക അവസ്ഥയും അവകാശ നിഷേധത്തിന്റെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 31ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനം നടത്തുന്നു.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ന്യൂനപക്ഷാവകാശ പ്രഖ്യാപനം നടത്തും.
‘ന്യൂനപക്ഷം ഭാവി’ എന്ന വിഷയം കാസിം ഇരിക്കൂര്‍ അവതരിപ്പിക്കും. കേരള നഗര വികസന-ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. പി നസീര്‍, കെ പി സി സി ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ കെ കെ കൊച്ചുമുഹമ്മദ്, എന്‍ കെ പ്രേമചന്ദ്രന്‍, അഡ്വ. എ പൂക്കുഞ്ഞ് പ്രസംഗിക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, മജീദ് കക്കാട്, സൈഫുദ്ദീന്‍ ഹാജി സംബന്ധിക്കും.