Connect with us

Ongoing News

സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകൂ: കാന്തപുരം

Published

|

Last Updated

തൃശൂര്‍: പാര്‍ശ്വവത്കരിക്കപ്പെട്ടു കഴിയുന്നവര്‍ക്കിടയിലെ സാന്ത്വന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജില്ലാ സുന്നി കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം വാദീമദീനയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ മദ്്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാന്ത്വനം പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രവാചകന്‍ ലോകത്തിന് മാതൃകയായത്. അതാണ് നാം പിന്തുടരേണ്ടത്. സാധാരണജനങ്ങള്‍ നിത്യജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. പല മേഖലകളും കൊടും പട്ടിണിയെ അഭിമുഖീകരിക്കുന്നു. കിടക്കാന്‍ ഇടമില്ലാതെയും കുടിവെള്ളമില്ലാതെയും തൊഴിലില്ലാതെയും പ്രയാസപ്പെടുന്നു. ഇത് നാം കണ്ടില്ലെന്ന് നടിക്കരുത്. ഇത് മറക്കാന്‍ ഭരണ കൂടത്തിനാവില്ല. ഇതിനെതിരെയുള്ള സാധാരണ ജനങ്ങളുടെ പ്രതികരണം കടുത്തതായിരിക്കും. ഇതാണല്ലോ അടുത്ത കാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ കാണാന്‍ നമുക്ക് കഴിയണം. എന്നാല്‍ മാത്രമേ യഥാര്‍ഥ വിശ്വാസികളില്‍ ഉള്‍പ്പെടാന്‍ കഴിയൂ. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നാം സജീവമാകണം. അഴിമതികള്‍ എല്ലാ മേഖലകളിലും സാര്‍വത്രികമാണ്.
ഭരണകര്‍ത്താക്കള്‍ തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ മറക്കരുത്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമായിരിക്കണം അടിസ്ഥാന പരമായി ലക്ഷ്യമാക്കേണ്ടത്. അത് മറന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരാജയമായിരിക്കും. സാന്ത്വനപ്രവര്‍ത്തനങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലയും കീഴ്ഘടകങ്ങളും സജീവമായി രംഗത്തുണ്ട്. തൃശൂര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സാന്ത്വന കേന്ദ്രം എസ് വൈ എസിന്റെ സംസ്ഥാനത്തെ ആദ്യ ജില്ലാ തല സംരഭമാണ്.
ഇത്തരം സാന്ത്വന കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഉയര്‍ന്നുവരുന്നുവരികയാണ്. പ്രധാന ആതുരാലയങ്ങള്‍ കേന്ദ്രമാക്കിയാണ ് പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. തൃശൂര്‍ ജില്ലയില്‍ സംഘടന നടത്തി വരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചക മാതൃകകള്‍ നിത്യ ജിവീതത്തില്‍ പകര്‍ത്തിക്കൊണ്ടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്്ഹുര്‍റസൂല്‍ പ്രഭാഷണങ്ങളും ആഘോഷങ്ങളും സാര്‍വത്രികമായി നടന്ന് വരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ പ്രവാചകന്റെ മദ്്ഹുകള്‍ പാടിപ്പുകഴ്്ത്താന്‍ സര്‍ക്കാറുകള്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇതാണ് ഇന്നത്തെ അപചയങ്ങള്‍ക്ക് മുഖ്യ കാരണം.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില ശക്തികളുടെ നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് സമൂഹത്തെ നന്‍മയിലേക്ക് നയിക്കാന്‍ കഴിയണം. എന്നാല്‍ മാത്രമേ ശാശ്വതവിജയം നേടാന്‍ കഴിയൂ. വിമര്‍ശനങ്ങള്‍ മാത്രം അജണ്ടയായി നടക്കുന്നവര്‍ സമൂഹത്തോടുള്ള കടപ്പാടുകള്‍ മറന്ന് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. ശൈഖ് ഹാശിം അഹ്്മദ് അലി മദീന മുനവ്വറ പ്രാര്‍ഥന നടത്തി. തൃശൂര്‍ ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നിര്‍ധന പെണ്‍കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പി സി ചാക്കൊ എം പി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ആര്‍ഭാട സ്ത്രീധന രഹിത വിവാഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സാന്ത്വനം മഹല്‍ സമര്‍പ്പണം, സാന്ത്വനം ഭവനം പദ്ധതി പ്രഖ്യാപനം താഴപ്ര മൊയ്തീന്‍ കുട്ടി മുസ്്്‌ലിയാര്‍ നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ ബാവദാരിമി, ജില്ലാ സെക്രട്ടറി പി കെ ജഅ്്ഫര്‍ മാസ്റ്റര്‍, എം എല്‍ എമാരായ അഡ്വ. വി എസ് സുനില്‍കുമാര്‍, പി എ മാധവന്‍, ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് ടി വി ചന്ദ്രമോഹന്‍, മുന്‍ മേയര്‍ ഐ പി പോള്‍, ഉസ്്മാന്‍ സഖാഫി തിരുവത്ര, മുഹമ്മദലി സഅദി, റഫീഖ് ലത്വീഫി, പി എം എസ് തങ്ങള്‍ ബ്രാലം, മൊയ്തീന്‍ കുട്ടി മുസ്്്‌ലിയാര്‍ പാലപ്പിള്ളി, ടി പി അബൂബക്കര്‍ മുസ്്്‌ലിയാര്‍, ഡോ. മന്‍സൂര്‍ ഹാജി, ആര്‍ വി മുഹമ്മദ് ഹാജി, ഇ പി മൂസഹാജി, കരിം വെങ്കിടങ്ങ്, ഫ്‌ളോറ ഹസന്‍ ഹാജി, മലായ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.