ഘടകകക്ഷികളുടെ പ്രശ്‌നം പരിഹരിക്കും: കുഞ്ഞാലിക്കുട്ടി

Posted on: January 12, 2014 12:33 am | Last updated: January 12, 2014 at 12:33 am

കോഴിക്കോട്: സി എം പി , ജെ എസ് എസ് വിഷയം യു ഡി എഫ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഘടകകക്ഷികളുടെ പ്രശ്‌നം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും 30 ന് ചേരുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ഘടക കക്ഷികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ചു പോകാനാകുമെന്നാണ് പ്രതീക്ഷ. പല വഴിക്കാകുന്ന ഘടകകക്ഷികള്‍ തിരഞ്ഞെടുപ്പാവുമ്പോഴേക്ക് ഒരുവഴിക്കാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും പ്രശ്‌നങ്ങളുണ്ടാകും. അത് പുതുമയുള്ള കാര്യമല്ല. അതത് പാര്‍ട്ടികളിലെ പ്രശ്‌നം അതത്പാര്‍ട്ടി തന്നെ പരിഹരിക്കുന്നതാണ് നല്ലത്. സി എം പിയെ യു ഡി എഫ് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഘടകകക്ഷികള്‍ ഏതൊക്കെ പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് തനിക്കറിയില്ല. രാജ്യത്തെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം വരും. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് പരിഹരിക്കും. കോണ്‍ഗ്രസിന്റെ ആറ് സിറ്റിംഗ് എംപിമാര്‍ക്കെതിരെ ജനവികാരമെന്ന സര്‍വേ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.