എസ് വൈ എസ് മീലാദ് സമ്മേളനത്തിന്ന് തകൃതിയായ ഒരുക്കം

Posted on: January 11, 2014 7:58 am | Last updated: January 11, 2014 at 7:58 am

meeladകേഴിക്കോട്: ലോകാനുഗ്രഹി മുഹമ്മദ് നബി (സ)യുടെ ജന്മദിനം സ്വാഗതം ചെയ്തുകൊണ്ട് കേരളത്തിന്റെ ഇസ്‌ലാമിക തലസ്ഥാനമായ കോഴിക്കോട്ട് ഈമാസം 19ന് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനം ചരിത്ര സംഭവമാക്കാന്‍ അണിയറയില്‍ തകൃതിയായ ഒരുക്കം.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ, മൗലിദ്, ഖവാലി സദസ്സും ലോകപ്രശസ്ത പണ്ഡിതരും നേതാക്കളും അണിനിരക്കുന്ന പ്രകീര്‍ത്തന വേദിയും സംഗമിക്കുന്ന തികച്ചും വ്യത്യസ്തമായ മീലാദ് സമ്മേളനത്തിനാണ് അറബിക്കടലിന്റെ ചാരത്ത് വേദി ഒരുങ്ങുന്നത്.
സമസ്തയുടെ 60 ാം വാര്‍ഷിക സമ്മേളനത്തിന്റെയും എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലിയുടെയും സ്മരണ നിറഞ്ഞു നില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് മറ്റൊരു ചരിത്ര സംഗമത്തിന് പ്രവാചകാനുരാഗികളുടെ കൂട്ടായ്മ വേദിയാകും. സമ്മേളനത്തിന്റെ ഫണ്ട് ശേഖരണം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം എന്‍ സിദ്ദീഖ് ഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു കൊണ്ട് സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപള്ളി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പ്രൊഫ. കെ എം എ റഹീം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.