നീലഗിരിയിലെ നൂറോളം ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍

Posted on: January 9, 2014 8:06 am | Last updated: January 9, 2014 at 8:06 am

ഊട്ടി: നീലഗിരി ജില്ലയിലെ നൂറോളം ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. ഊട്ടി മേഖലയിലെ ദൊഡ്ഡപേട്ട വനമേഖലയിലെ ഗ്രാമങ്ങളാണ് പുലിഭിതിയിലായിരിക്കുന്നത്. സോളട, ആടശോല ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ പുലി കടിച്ചുകൊന്നിരുന്നു.
കൊന്നതിന് ശേഷം ശരീരാവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഭയംകാരണം ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നില്ല. ഊട്ടി മേഖലയില്‍ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. പുലിയെ പേടിച്ച് ജനങ്ങള്‍ തേയില തോട്ടങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും ജോലിക്ക് പോലും പോകാന്‍ മടിക്കുകയാണ്. എന്നാല്‍ പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സത്യമംഗലം വനമേഖലയില്‍ നിന്നാണ് ഇരതേടി പുലി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. വനമേഖലയില്‍ അഞ്ച് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുതുമല, സത്യമംഗലം, ആനമല എന്നി വന്യജീവി സങ്കേതങ്ങളില്‍ നിന്ന് കൊണ്ടുവന്ന 6 കൂടുകളും പലഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് റെയ്ഞ്ചര്‍ പെരിയസ്വാമിയുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങിയ വനപാലക സംഘം വനത്തില്‍ റോന്ത് ചുറ്റുന്നുണ്ട്.
അതേസമയം പുലിഭീതികാരണം ദൊഡ്ഡപേട്ടയിലെ ഗവ. സ്‌കൂളിന് ജില്ലാകലക്ടര്‍ അഞ്ച് ദിവസം അവധി നല്‍കിയിട്ടുണ്ട്. വനമേഖലയിലെ റോഡിലൂടെയുള്ള യാത്ര വനംവകുപ്പ് നിരോധിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചിന്നപ്പന്റെ ആശ്രിതര്‍ക്ക് കലക്ടര്‍ പി ശങ്കര്‍ 25,000 രൂപ ധനസഹായം വിതരണം ചെയ്തു.