Connect with us

Editors Pick

മന്ത്രിസഭയിലെ നോക്കുകൂലിക്കാരും കുമ്പസാരക്കൂട്ടില്‍ കയറിയവരും

Published

|

Last Updated

രാഷ്ട്രീയവും കവിതയും മാത്രമല്ല, അസാമാന്യ നിരീക്ഷണ പാടവം കൂടിയുണ്ട് ജി സുധാകരന്. മന്ത്രിമാരില്‍ പണിയെടുക്കാതെ നോക്കുകൂലി വാങ്ങുന്നവരെയും പാര്‍ട്ട് ടൈം ജോലിക്കാരെയുമെല്ലാം അദ്ദേഹം കണ്ടു വെച്ചിട്ടുണ്ട്. അനില്‍കുമാറും ശിവകുമാറും ജയലക്ഷ്മിയും അനൂപ് ജേക്കബുമാണ് സുധാകരന്റെ പണിയെടുക്കാത്തവര്‍. നോക്കുകൂലി തടയേണ്ടയാളെങ്കിലും മന്ത്രിസഭയില്‍ ഷിബു ബേബി ജോണും നോക്കുകൂലി വാങ്ങുന്നു. കെ പി മോഹനനും സി എന്‍ ബാലകൃഷ്ണനും മഞ്ഞളാം കുഴി അലിയും വി കെ ഇബ്രാഹിം കുഞ്ഞും പി ജെ ജോസഫുമാണ് പാര്‍ടൈമുകാര്‍. ഹരിപ്പാട്ടെ സുന്ദരമുഖവും തന്റെ ആത്മാര്‍ഥ സുഹൃത്തുമായ രമേശ് ചെന്നിത്തല തന്നോടോ അടുത്തിരുന്ന തേറമ്പില്‍ രാമകൃഷ്ണനോടോ പറയാതെ മന്ത്രിയായതിലും പരിഭവം. കാര്യം സാധിക്കാന്‍ മാത്രം കൂടെ നില്‍ക്കുന്ന മണ്ഡലികളെയും കുശ്മാണ്ടന്‍മാരെയും സൂക്ഷിക്കണം. ഏക്ദിന്‍ കാ സുല്‍ത്താന്‍ ആകരുത്. ആരംഭശൂരത്വം കാണിക്കുകയുമരുതെന്നും രമേശിനെ സുധാകരന്‍ ഉപദേശിച്ചു. നന്ദി പ്രമേയ ചര്‍ച്ചയുടെ രണ്ടാം ദിനവും രാഷ്ട്രീയ ചര്‍ച്ചക്ക് തന്നെയായിരുന്നു മേല്‍ക്കൈ. പശ്ചാത്താപവും വികാരവായ്പുമെല്ലാം തളംകെട്ടിയ അന്തരീക്ഷത്തിനും സഭാതലം ഇന്നലെ സാക്ഷിയായി.
ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതില്‍ എം എ ബേബിയാണ് ആദ്യം പശ്ചാത്തപിച്ചത്. മുല്ലക്കര രത്‌നാകരന്‍ ഇത് ഏറ്റെടുത്തെങ്കിലും ആറന്മുളയില്‍ നിന്ന് വിമാനം കയറുന്നത് സ്വപ്‌നം കാണുന്ന ശിവദാസന്‍ നായര്‍ ഇത് മുഖവിലക്കെടുത്തില്ല. പരിസ്ഥിതിക്കാര്‍ പലതും പറയും. പക്ഷെ, നാട്ടുകാര്‍ക്ക് വിമാനത്താവളം വന്നേ തീരുവെന്ന് നായര്‍ പറഞ്ഞുവെച്ചു. സി പി എം പ്ലീനത്തെ തൗബയോടും കുമ്പസാരത്തോടുമെല്ലാം ഉപമിച്ചത് എന്‍ ശംസുദ്ദീനാണ്. എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ ശേഷം ചാക്ക് രാധാകൃഷ്ണനുമായി സമരസപ്പെട്ടെന്നും ശംസുദ്ദീന്‍.
സ്വന്തം ഭര്‍ത്താവിനെ ജയിലില്‍ കണ്ടത് ഉഗ്ര പ്രതാപികളായ മാധ്യമങ്ങളെ ഉപയോഗിച്ച് വിവാദമാക്കിയതില്‍ കെ കെ ലതിക വികാരധീനയായി. ഭര്‍ത്താവിനെ ഭാര്യയല്ലാതെ പിന്നെ മറ്റ് ആരാണ് കാണുകയെന്നായിരുന്നു ലതികയുടെ ലളിതമായ ചോദ്യം. ഇതു കേട്ടപാടെ തിരുവഞ്ചൂരിന്റെ മനസ്സ് അലിഞ്ഞു. മക്കളെയും കൊണ്ട് ജയിലില്‍ പോയ നേരം കാണാന്‍ തടസ്സം നേരിട്ടപ്പോള്‍ അത് പരിഹരിച്ച വ്യക്തിയാണ് താനെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ സമര പരാജയങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണ വിഷയമാക്കാന്‍ ജോസഫ് വാഴക്കന്‍ ശിപാര്‍ശ ചെയ്തു. അടുപ്പ് കൂട്ടി സമരം മുതല്‍ ക്ലിഫ് ഹൗസ് വരെ തോറ്റ സമരങ്ങളുടെ കണക്കെടുത്തു. ഒടുവില്‍ സമരക്കാര്‍ക്ക് നേരെ ഒരു വീട്ടമ്മക്ക് ചൂലെടുക്കേണ്ടി വന്നെന്നും വാഴക്കന്‍. ഗത്യന്തരമില്ലാതെയാണ് സമരങ്ങളെല്ലാം നിര്‍ത്തിയതെന്ന് തോമസ് ഉണ്ണിയാടനും. ചര്‍ച്ച തുടങ്ങിവെച്ച ഡൊമിനിക് പ്രസന്റേഷനും തോറ്റ ചരിത്രം പാടിപ്പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. അത് നടന്നില്ലെന്ന് കരുതി സമരം പരാജയമാണെന്ന് പറയാനാകില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ താത്വിക വിശകലനം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സമരം നടന്നതാണ്. അന്ന് ആരും രാജിവെച്ചിട്ടില്ല. ആ സമരവും പരാജയമായിരുന്നില്ലെന്ന് കോടിയേരി. പ്രതിപക്ഷ സമരത്തെ അപഹസിക്കുന്നവര്‍ക്ക് മുല്ലക്കരയും മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തിന് നേരെ കൊളുത്തിയ തിരുത്തല്‍ വിളക്കാണ് സമരങ്ങള്‍. അത് ഊതി കെടുത്തുന്നവര്‍ ജനാധിപത്യത്തെ ഇല്ലാതാക്കും. സമരം പാടില്ലെന്ന് പറഞ്ഞ് എം എം ഹസന്‍ നടത്തുന്നതും സമരമാണെന്ന് മുല്ലക്കര പരിഹസിച്ചു. സമരം പരാജയമായിരുന്നോയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നായിരുന്നു ടി വി രാജേഷിന്റെ വെല്ലുവിളി.
ജന സമ്പര്‍ക്കത്തില്‍ മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന നിരീക്ഷണവും മുല്ലക്കര നടത്തി. എഴുന്നേല്‍ക്കാന്‍ കഴിയാത്ത രോഗിയെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ആനയിച്ച് ആഘോഷമാക്കുന്നതാണ് രോഗിയുടെ മനുഷ്യാവകാശലംഘനമായി മുല്ലക്കരക്ക് തോന്നിയത്. മുസ്‌ലിംകള്‍ക്ക് നിലവിലുള്ള കുറവ് വാരികയാണെന്ന് തിരിച്ചറിഞ്ഞ സി പി എമ്മിനെ എന്‍ ഷംസുദ്ദീന്‍ അഭിനന്ദിച്ചു. അതു കൊണ്ടാണ് മുഖ്യധാരയെന്ന മാസികയുണ്ടാക്കാന്‍ കെ ടി ജലീലിനെ ചുമതലപ്പെടുത്തിയതെന്നുമായിരുന്നു പരിഹാസം.