തെലുങ്ക് നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു

Posted on: January 6, 2014 8:42 am | Last updated: January 7, 2014 at 7:34 am

Uday Kiran Stylish Photosഹൈദരാബാദ്: തെലുങ്ക് സിനിമാതാരം ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ പുഞ്ചാഗുട്ടയിലെ ശ്രീനഗര്‍ കോളനിയിലെ തന്റെ ഫ്‌ലാറ്റിലാണ് ഉദയ് കിരണ്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഉദയിനെ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഭാര്യ വിഷിത കണ്ടത്. ഉടന്‍ തന്നെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഭാര്യ പുറത്തുപോയതിനാല്‍ ഇന്നലെ ഉദയ് കിരണ്‍ തനിച്ചായിരുന്നു ഫ്‌ലാറ്റിലുണ്ടായിരുന്നത്. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ വിഷിത പെട്ടെന്നു തന്നെ ഫ്‌ലാറ്റിലെത്തുകയായിരുന്നു.

2000ല്‍ തേജ സംവിധാനം ചെയ്ത ‘ചിത്രം’ എന്ന സിനിമയിലാണ് ഉദയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ വന്‍ ഹിറ്റായതിന് ശേഷം ഉദയ് തെലുങ്കിലെ തിളങ്ങുന്ന താരമാവുകയായിരുന്നു. നുവ്വു നീനു, മാനസാന്ത നുവ്വെ, ശ്രീരാം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

1980ല്‍ ജനിച്ച ഉദയ്കിരണ്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹം കഴിച്ചത്.