Connect with us

International

ബംഗ്ലാദേശില്‍ നൂറോളം പോളിംഗ് ബൂത്തുകള്‍ അഗ്നിക്കിരയാക്കി

Published

|

Last Updated

ധാക്ക: ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബംഗ്ലാദേശില്‍ വ്യാപക ആക്രമണം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി)യുടെ നേതൃത്വത്തില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തില്‍ നൂറു കണക്കിന് പോളിംഗ് ബൂത്തുകള്‍ തകര്‍ത്തു. പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരാഴ്ചക്കിടെയുണ്ടായ ആക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു.
പ്രധാനമന്ത്രി ശേഖ് ഹസീന രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും തിരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ചും ബി എന്‍ പി രണ്ട് ദിവസത്തെ ദേശീയ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളിലും നഗരങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പോലീസ് ശ്രമത്തിനെതിരെ രൂക്ഷമായ പരാമര്‍ശവുമായി ബി എന്‍ പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നത്തെ തിരഞ്ഞെടുപ്പിലേക്കുള്ള ഉപകരണങ്ങളും മറ്റും തയ്യാറാക്കുന്നതിനിടയിലാണ് പോളിംഗ് ബൂത്തുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ ഇരുപതോളം ജില്ലകളില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും നൂറ് പോളിംഗ് ബൂത്തുകള്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഏറെ ദുഷ്‌കരമാകും. പോളിംഗ് ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന അറുപതോളം കെട്ടിടങ്ങള്‍ പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. അതിനിടെ, തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് രാജ്യത്തെ എല്ലാ വോട്ടര്‍മാരോടും ബി എന്‍ പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ അഭ്യര്‍ഥിച്ചു. തലസ്ഥാനമായ ധാക്കയില്‍ വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തില്‍ സൈന്യത്തിന്റെ നിയന്ത്രത്തില്‍ കഴിയുന്ന ഖാലിദിയ, ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്നത്തെ തിരഞ്ഞെടുപ്പിനെത്തുന്നവര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തുവിലകൊടുത്തും തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനാധിപത്യ പ്രക്രിയ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി എന്‍ പിയെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് തടയാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭരണപക്ഷ പാര്‍ട്ടിയായ അവാമി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കും.
ബി എന്‍ പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എതിരാളികളില്ലാത്ത സാഹചര്യത്തില്‍ നിരവധി സീറ്റുകളിലേക്ക് മത്സരം നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശേഖ് ഹസീന തന്നെ വീണ്ടും പ്രധാനമന്ത്രിയായേക്കും.