ഒമാന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് ഒമ്പതു പേര്‍

Posted on: January 3, 2014 11:48 pm | Last updated: January 3, 2014 at 11:48 pm

School Electionമസ്‌കത്ത്: ഈ മാസം 18നു നടക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. പതിനൊന്നു പത്രികകളില്‍ രണ്ടു പേര്‍ പിന്‍വലിച്ചു. അഞ്ചു ബി ഒ ഡി അംഗത്വത്തിലേക്ക് ഒമ്പതു പേരാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പട്ടിക തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നു പ്രസിദ്ധപ്പെടുത്തും.
ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടര്‍ റജിമോന്‍ കെ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് പ്രവര്‍ത്തകന്‍ വില്‍സണ്‍ ജോര്‍ജ്, മസ്‌കത്ത് ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി അധ്യാപകന്‍ മുഹമ്മദ് ബഷീര്‍, സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്തു പ്രവര്‍ത്തിക്കുന്ന രാജീവ്, ഒമാന്‍ അറബ് ബേങ്ക് ഉദ്യോഗസ്ഥനായ സൂരജ് കുമാര്‍ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികള്‍ എന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികളായ അരുള്‍ മൈക്കിള്‍, പളനിയപ്പന്‍, ഉത്തരേന്ത്യയില്‍നിന്നുള്ള ജസര്‍ തൈബ്, കര്‍ണാടക സംസ്ഥാനത്തുനിന്നുള്ള ശ്രീവാസ്തവ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു സംസ്ഥാനക്കാര്‍. 2011ല്‍ നടന്ന ബി ഒ ഡി തിരഞ്ഞെടുപ്പില്‍ 14 പേര്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥികള്‍ ഒമ്പതായി ചുരുങ്ങി. നിലവിലെ ബി ഒ ഡി അംഗങ്ങളില്‍നിന്ന് അരുള്‍ മൈക്കിള്‍ മാത്രമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സ്‌കൂളുകളുമായും ബി ഒ ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും വിവിധ ഘട്ടങ്ങളില്‍ വിഷയങ്ങളില്‍ പൊതു സമൂഹത്തിലെത്തിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ടൈംസ് ലേഖകന്‍ റെജിമോന്റെയും കേരള വിംഗ്, കൈരളി പ്രവര്‍ത്തകന്‍ വില്‍സോണ്‍ ജോര്‍ജിന്റെയും സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. നേരത്തെ എസ് ഐ എസ് എം മാനേജിംഗ് കമ്മിറ്റി അംഗവും ഇബ്ര സ്‌കൂള്‍ എസ് എം സി പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള അക്കാദമീഷ്യന്‍ കൂടിയായ ബഷീറിന്റെ സ്ഥാനാര്‍ഥിത്വവും ബി ഒ ഡി തിരഞ്ഞെടുപ്പിനെ ഗൗരവമുള്ളതാക്കുന്നു.
സ്‌കൂള്‍ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ടും ബി ഒ ഡിയുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയും കഴിഞ്ഞ നാളുകളില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലുകളില്‍ വില്‍സണ്‍ ജോര്‍ജ് നേതൃപരമായ പങ്കു വഹിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസസൗകര്യവും സുതാര്യമായ ഭരണവ്യവസ്ഥയും മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ റജിമോന്‍ ശ്രദ്ധ പുലര്‍ത്തി. സ്‌കൂള്‍ ഭരണ രംഗത്തെ പരിചയം, ടെക്‌നോളജി കോളജിലെ ബിസിനസ് വിഭാഗം തലവന്‍ എന്ന നിലയിലുള്ള വിദ്യാഭ്യാസ രംഗത്തെ അനുഭവം എന്നിവയാണ് ബഷീറിന്റെ സ്ഥാനാര്‍ഥിത്വം രക്ഷിതാക്കള്‍ക്കിടയില്‍ വിലയിരുത്തപ്പെടുക.
മലയാളികളല്ലാത്ത സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ഭാഷാ വിഭാഗത്തിന്റെ പിന്തുണയില്‍ വോട്ടുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മത്സര രംഗത്തുള്ളത്. തമിഴ് സമൂഹത്തില്‍നിന്നും നിലവിലെ ബോര്‍ഡ് അംഗം അരുള്‍ മൈക്കിളിനെ കൂടാതെ മറ്റൊരു സ്ഥാനാര്‍ഥിയുടെ കൂടി സാന്നിധ്യം മൈക്കിളിന്റെ സ്ഥാനാര്‍ഥിത്വത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നു. മസ്‌കത്തിലെ മുന്‍ എസ് എം സി അംഗം കൂടിയായ ശ്രീവാസ്തവ കന്നഡ സമൂഹത്തിന്റെ പിന്തുണയില്‍ ജയം പ്രതീക്ഷിക്കുമ്പോള്‍, ജസര്‍ തൈബ് ബോറ വിഭാഗത്തില്‍നിന്നും ഉത്തരേന്ത്യന്‍ ഹിന്ദി വിഭാഗങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. നൂറു കണക്കിനു രക്ഷിതാക്കളുമായി നേരിട്ടു ബന്ധമുണ്ടെന്നതാണ് മലയാളിയായ രാജീവിന്റെ വിജയ പ്രതീക്ഷ.