Connect with us

Gulf

ഇ ഐ ഡി എ ഓണ്‍ലൈന്‍ സേവനം ഇനി 24 മണിക്കൂറും

Published

|

Last Updated

ദുബൈ: എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു. പൊതുജനങ്ങളുമായുള്ള സാമീപ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
ആസ്‌ക് അഹമ്മദ് എന്നു പേരിട്ടിരിക്കുന്ന ഈ ഓണ്‍ ലൈന്‍ സര്‍വീസിലൂടെ പൊതുജനങ്ങള്‍ക്ക് എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് സര്‍വീസ് സെന്റര്‍ സപോര്‍ട്ട് ഡയറക്ടര്‍ നാസര്‍ അല്‍ അബ്ദൂലി വ്യക്തമാക്കി. 14 ഇന്ററാക്ടീവ് ചാനലുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇ ഐ ഡി എക്കും പൊതുജനത്തിനും ഇടയില്‍ ഫലപ്രദമായ രീതിയിലുള്ള ബന്ധം സാധ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനങ്ങളുമായി സംവദിക്കാന്‍ ഇ ഐ ഡി എ മുമ്പ് ട്വിറ്ററില്‍ ഔദ്യോഗിക പേജ് ആരംഭിച്ചിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തരം ഒരു സര്‍വീസ് ആരംഭിക്കാന്‍ അതോറിറ്റിയെ പ്രേരിപ്പിച്ചത്. ലൈവ് ചാറ്റിലൂടെ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജുമെന്റുമായി ബന്ധിപ്പിച്ച് ഉപഭോക്താക്കളുടെ ദുരിതങ്ങള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം കാണാനാണ് ശ്രമമെന്നും നാസര്‍ അല്‍ അബ്ദൂലി പറഞ്ഞു. സേവനം തികച്ചും സൗജന്യമാണ്.
രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. തുടക്കത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിപ്പിക്കുക. പിന്നീട് ഘട്ടം ഘട്ടമായി 24 മണിക്കൂറാക്കി മാറ്റും. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാക്കാനാണ് പദ്ധതി.
പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കാര്യക്ഷമതയുള്ള ഒരു കൂട്ടം ജീവനക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മികച്ച പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും പരമാവധി പരാതികള്‍ ഒഴിവാക്കാനും ജീവനക്കാര്‍ക്കാവും. പരാതികള്‍, അന്വേഷണങ്ങള്‍ എന്നിവയോട് കൃത്യമായും സര്‍ഗാത്മകമായും പ്രതികരിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് പ്രധാനമായും നല്‍കിയിരിക്കുന്നത്. എത്ര പണം ചെലവഴിക്കേണ്ടി വന്നാലും ഉപഭോക്താവിന് മികച്ച സേവനം ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. 2014-2016 വര്‍ഷത്തേക്കുള്ള ഇ ഐ ഡി എയുടെ തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമാണ് ഓണ്‍ ലൈന്‍ സംവിധാനം.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ട്വിറ്ററിലൂടെ ആസ്‌ക് അഹമ്മദ് പദ്ധതിക്ക് ഇ ഐ ഡി എ തുടക്കമിട്ടത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമാക്കി മാറ്റുന്നതില്‍ പങ്കാളിയാവുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പദ്ധതി. മുമ്പ് എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് 12 മുതല്‍ രണ്ടു വരെയായിരുന്നു ട്വിറ്ററില്‍ ഉപഭോക്താക്കളുമായി സംവദിച്ചിരുന്നത്.
പുതിയ ഓണ്‍ലൈന്‍ സേവനം ഇത്തരത്തില്‍ രാജ്യത്തെ ആദ്യ സംരഭമാണ് ഇതെന്ന് ഇ ഐ ഡി എയുടെ ഗവണ്‍മെന്റ് ആന്‍ഡ് കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ അമീര്‍ അല്‍ മഹ്‌രി വെളിപ്പെടുത്തി.

Latest