Connect with us

Articles

കേരള മോഡല്‍ എന്ന വ്യാജ അവകാശവാദം

Published

|

Last Updated

കേരള മോഡല്‍ വിണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. വ്യഖ്യാതമായ പഴയ കേരള മോഡല്‍ മാറി, പുതിയൊരു കേരള മോഡല്‍ വരേണ്ട സമയമായിരിക്കുന്നുവെന്ന് നിയമസഭയുടെ ശതോത്തര രജത ജൂബിലി വേളയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രതിരോധമന്ത്രി എ കെ ആന്റണിയും അഭിപ്രായപ്പെടുകയുണ്ടായി. പഴയ കേരള മോഡല്‍ വികസനം തുരുമ്പെടുക്കുകയും അപ്രസക്തമാകുകയും ചെയ്തിരിക്കുന്നു. പുതിയ ചിന്തകളും ആശയങ്ങളുമാണ് ഇനി വേണ്ടതെന്നും അവര്‍ ഉണര്‍ത്തി.
മുമ്പ് പലപ്പോഴും ചര്‍ച്ച ചെയ്തതാണ് കേരള മോഡല്‍ വികസനം. സാക്ഷരത, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ മികവ് ലോകത്തിനു മാതൃകയാണെന്നു അവകാശപ്പെട്ടുകൊണ്ട് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് ഈ പ്രയോഗം നിലവില്‍ വന്നത്. ഇതിന്റെ ക്രെഡിറ്റ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനും തിടുക്കം കാട്ടി. ഈ അവകാശവാദത്തിന് തിരിച്ചടി നേരിട്ടുകാണ്ടിരിക്കയാണെന്നാണ് സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനെക്കുറിച്ചു വിദേശ മാധ്യമങ്ങളിലടക്കം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും നാട്ടുകാരുടെ അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ന്യൂയോര്‍ക്ക് ടംസിന്റെ വിശകലം ഒരു ഉദാഹരണാണ്. കേരളത്തിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജോലി തേടി വിദേശത്ത് പോകുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ധനവും ചൂണ്ടിക്കാട്ടി കേരള മോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് കഴിഞ്ഞ സെപ്തംബര്‍ ആറിന്റെ ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖകന്‍ ജാസന്‍ ഡി പാര്‍ലെ അഭിപ്രായപ്പെടുന്നത്. മലയാളികള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണിമരണം സാര്‍വത്രികമാകുമായിരുന്നുവെന്നും തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ എസ് ഇരുദയരാജനെ ഉദ്ധരിച്ച് പത്രം വിലയിരുത്തുകയുണ്ടായി.
കേരള മോഡല്‍ തുരുമ്പെടുത്തിരിക്കുന്നുവെന്നതിനപ്പുറം മലയാളിക്ക് അഭിമാനിക്കത്തക്ക വിധം ഒരു വികസന മോഡല്‍ കേരളത്തിനുണ്ടായിരുന്നില്ലെന്നും രാഷ്ട്രീയക്കാരുടെയും ഭരണകൂടങ്ങളുടെയും പൊള്ളയായ അവകാശം മാത്രമാണിതെന്നും കാര്‍ഷിക, ഭക്ഷ്യ മേഖലകളിലെയും തൊഴില്‍ രംഗത്തെയും ശോച്യാവസ്ഥയും ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡനക്കേസുകളും ചൂണ്ടിക്കാട്ടി വളരെ മുമ്പേ തന്നെ പലരും വിലയിരുത്തിയിട്ടുണ്ട്. ഭൂപരിഷ്‌കരണമാണ് കേരളത്തിന്റെ വിപ്ലവകരമായ ചുവടുവെപ്പായി ചൂണ്ടിക്കാട്ടാറുള്ളത്. ഈ നിയമം നിലവില്‍ വന്നു നാല് പതിറ്റാണ്ട് കടന്നുപോയിട്ടും കാര്‍ഷിക മേഖലയില്‍ സംസ്ഥാനം എത്രമാത്രം മുന്നേറിയെന്ന് ചിന്തിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍ നിന്നും കൃത്യമായി ചരക്കുലോറികള്‍ എത്തിയില്ലെങ്കില്‍ കേരളീയര്‍ പട്ടിണി കിടക്കേണ്ട അവസ്ഥയാണിന്നും. ജന്മിമാരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവന് വിതരണം ചെയ്തപ്പോള്‍, അത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് സഹായകമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നില്ല. നെല്ലുത്പാദനം അഞ്ച് വര്‍ഷത്തിനകം ഇരട്ടിയായില്ലെങ്കില്‍ കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രസിദ്ധീകരിച്ച കേരളത്തിന്റെ കരട് കാര്‍ഷികനയം മുന്നറിയിപ്പ് നല്‍കന്നുണ്ട്. എന്നിട്ടും നെല്‍വയലുകളുടെ അളവ് ഭീഷണമായ തോതില്‍ കുറഞ്ഞുവരികയാണ്. വയലുകള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണാധികാരികളാകട്ടെ, വിമാനത്താവളങ്ങള്‍ക്കും ഫഌറ്റുകള്‍ക്കുമായി അവ തീറെഴുതിക്കൊടുക്കുകയുമാണ്.
ഔദ്യോഗിക കണക്കില്‍ 40 ലക്ഷത്തിലധികം തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ കണക്കില്‍ പെടാത്തവര്‍ വേറെയും. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കയാണ്. മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ തന്നെ അടിക്കടി കടം വാങ്ങേണ്ട ദുഃസ്ഥിതിയുമാണ്. സംസ്ഥാനം ഭരിച്ചവരുടെ മിടുക്ക് കൊണ്ടല്ല, ഗള്‍ഫ് ഭരണാധികാരികളുടെ നല്ല മനഃസ്ഥിതി യാണ് കേരളീയ കുടുംബങ്ങളിലെ പട്ടിണി അകറ്റുന്നത്. കാര്‍ഷിക മേഖല തകര്‍ന്നതോടെ കേരളത്തെ താങ്ങി നിര്‍ത്തുന്നത് ഗള്‍ഫ് സമ്പത്താണെന്നും വികസന കാര്യത്തില്‍ കേരളം കടപ്പെട്ടിരിക്കുന്നത് ഗള്‍ഫിനോടാണെന്നും ആഗോള മലയാളി സമ്മേളനത്തില്‍ സംസാരിക്കവെ, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുറന്നു പറയുകയുണ്ടായി. ഗള്‍ഫിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടഞ്ഞാല്‍ എന്താണ് കേരളത്തിന്റെ അവസ്ഥ? പ്രവാസികളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന പണം നേരാംവണ്ണം വികസനത്തിന്റെ ചാലുകളിലേക്ക് ഒഴുക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞതുമില്ല.
ആരോഗ്യ മേഖലയുടെ നേട്ടത്തിനും പൂപ്പല്‍ ബാധിച്ചു തുടങ്ങിയെന്നാണ് വര്‍ധിച്ചു വരുന്ന പകര്‍ച്ച വ്യാധികളും പുതുതായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങളും വ്യക്തമാക്കുന്നത്. അപ്രത്യക്ഷമായെന്നു കരുതിയ രോഗങ്ങള്‍ക്കൊപ്പം ജീവിതശൈലീരോഗങ്ങളെന്ന പേരില്‍ പുതിയ രോഗങ്ങളുടെ താവളവമായി മാറിയിരിക്കുന്നു കേരളം. ഒരു മഴ പെയ്യുമ്പോഴേക്കും പനി പടര്‍ന്നു പിടിക്കുകയും മരണങ്ങള്‍ വ്യാപകമാകുകയും ചെയ്യുമ്പോള്‍ കേരള മോഡലിനെക്കുറിച്ചു വീമ്പ് പറയുന്നത് എത്ര പരിഹാസ്യമാണ്. മലിനരഹിതമായ ചുറ്റുപാടുകളും ശുദ്ധ ജലത്തിന്റെ ലഭ്യതയും ഭക്ഷ്യസുരക്ഷയുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ആഗോള ഭക്ഷ്യപദ്ധതിയുടെ ഭാഗമായി നടത്തിയ ഒരു പഠനത്തില്‍ കേരളത്തില്‍ നഗരങ്ങളിലെ 52 ശതമാനം പേര്‍ക്കും ശുദ്ധജലം ലഭ്യമല്ലെന്നാണ് കണ്ടെത്തിയത്. പോഷകാഹാരത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. മായം കലരാത്ത ഭക്ഷണം കേരളീയന് അപൂര്‍വ വസ്തുവുമാണ്.
സാക്ഷരതയില്‍ ദേശീയതലത്തില്‍ മികച്ച പുരോഗതി നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സിവില്‍ സര്‍വീസ് മേഖലകളിലും കേരളം ഏറെ പിന്നിലാണ്. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളുടെ പ്രകടനം നാണിപ്പിക്കുന്നതായിരുന്നു. സംസ്ഥാനം കൈവരിച്ചുവെന്ന് പറയുന്ന വിദ്യാഭ്യാസ നേട്ടങ്ങളാകട്ടെ മൂല്യങ്ങള്‍ വളര്‍ത്താന്‍ സഹായകമായതുമില്ല. സാക്ഷരതക്കും പൊതുവിജ്ഞാനത്തിന്റെ വളര്‍ച്ചക്കുമൊപ്പം സാംസ്‌കാരികോന്നതി കൈവരുത്തുമ്പോഴാണ് വിദ്യാഭ്യാസം അര്‍ഥവത്തും ഫലവത്തുമാകുന്നത്. സ്ത്രീകള്‍ സാക്ഷരത കൈവരിക്കുകയും അധികാര മേഖലകളില്‍ പങ്കാളിത്തം നേടുകയും ചെയ്താല്‍ വലിയ പുരോഗതിയുണ്ടാകുമെന്നൊക്കെ അവകാശവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ബാധ്യത കൂടി ഭരണകൂടങ്ങളുടെ പിരടിയില്‍ വീണു എന്നതാണ് സംഭവിച്ചത്. സംസ്ഥാനത്തെ സ്ത്രീപീഡന നിരക്ക് വര്‍ഷം തോറും ഉയരുകയാണ്. തീവണ്ടിയിലും ബസ്സിലും പൊതു ഇടങ്ങളിലും സഞ്ചരിക്കാന്‍ ഭയക്കുന്ന സ്ത്രീ ജോലി സ്ഥലങ്ങളിലും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട അധികാര കേന്ദ്രങ്ങളിലെ ഉന്നതരുടെ പേരുകളാണ് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നത്. മൊത്തത്തില്‍ സ്ഥായിയല്ലാത്ത ചില നേട്ടങ്ങളിലും അതിലുപരി അവകാശ വാദങ്ങളിലും ഒതുങ്ങുകയാണ് കേരളത്തിന്റെ വികസന മോഡല്‍.