26 ഫലസ്തീന്‍ തടവുകാരെകൂടി ഇസ്‌റാഈല്‍ മോചിപ്പിച്ചു

Posted on: January 1, 2014 12:18 am | Last updated: January 1, 2014 at 12:18 am

Rami Barbakh, a released Palestinian prisoner, center, is reunited with his mother as he arrives at a checkpoint at the entrance of the northern Gaza town of Beit Hanounജറൂസലം: അമേരിക്കന്‍ മധ്യസ്ഥതയുടെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനായി 26 ഫലസ്തീന്‍ തടവുകാരെ കൂടി ഇസ്‌റാഈല്‍ മോചിപ്പിച്ചു. മോചിതരായവര്‍ക്ക് വെസ്റ്റ് ബാങ്കിലും ഗാസയിലും ജനങ്ങള്‍ വരവേല്‍പ്പ് നല്‍കി.
മോചനം സംബന്ധിച്ച് ശനിയാഴ്ച തന്നെ ഇസ്‌റാഈല്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും തടവുകാരുടെ കുടുംബങ്ങളുടെ നിവേദനം അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. കൊലപാതകവും കൊലപാതക ശ്രമക്കുറ്റവും ചുമത്തി 19മുതല്‍ 28വര്‍ഷംവരെ തടവില്‍ കഴിഞ്ഞവരാണ് മോചിതരായത്. ഇതുവരെ മോചിതരായ 104 തടവുകാരില്‍ മൂന്നാമത്തെ സംഘമാണ് ഇത്.
മോചിതരായ തടവുകാരെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അഭിവാദ്യം ചെയ്തു. ദീര്‍ഘകാലമായി ഇസ്‌റാഈല്‍ തടവില്‍ കഴിയുന്ന അവശരായ മറ്റ് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനുള്ള സമ്മര്‍ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ തടവുകാരെയും മോചിപ്പിക്കാതെ ഇസ്‌റാഈലുമായി അന്തിമ സമാധാന കരാറില്‍ ഒപ്പ് വെക്കില്ലെന്നും അബ്ബാസ് പറഞ്ഞു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തിലാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഈസ്‌റാഈലിന് അനുമതി ലഭിച്ചിട്ടുണ്ട്.