Connect with us

Gulf

ദേരയില്‍ പരമ്പരാഗത സൂഖ് ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: പുതുവര്‍ഷാരംഭത്തില്‍ ദു ബൈ നഗരസഭയുടെ ജനങ്ങള്‍ക്കുള്ള സമ്മാനമായി ദെയ്‌റയില്‍ പുതിയ പരാമ്പരാഗത സൂഖ് വരുന്നു. അറബ് ജീവിതവുമായി ബന്ധപ്പെട്ട സകല വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് 6,125 ചതുരശ്ര മീറ്ററില്‍ സൂഖ് സജ്ജമാക്കുന്നതെന്ന്് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും പൂര്‍വികരെ ഓര്‍ക്കാനുമാണ് സൂഖ് നിര്‍മിക്കുന്നത്. ഇതിലൂടെ രാജ്യത്തിന്റെ സംസ്‌കാരവും പൗരാണികതയും കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍ പ്രദര്‍ശനത്തിന് വെക്കും. പാരമ്പര്യം കാത്തുസൂക്ഷിക്കാനായി ഒരുക്കുന്ന സൂഖ് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും. പരമ്പരാഗതമായി നിര്‍മിച്ച എല്ലാ വസ്തുക്കളും വില്‍ക്കാനും വാങ്ങാനുമുള്ള വേദിയാവും സൂഖ്. നഗരത്തിന്റെ മുഖമുദ്രകളില്‍ ഒന്നായി പുതിയ സൂഖ് മാറുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
സൂഖിന്റെ ഉദ്ഘാടനം അവിസ്മരണീയമായ മുഹൂര്‍ത്തമാക്കി തീര്‍ക്കാനുള്ള ഭഗീരത പ്രയത്‌നത്തിലാണ് നഗരസഭ. സൂഖ് രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിടെക്ചറല്‍ ഹെറിറ്റേജ് വകുപ്പ് എല്ലാ നിലക്കും അഭിനന്ദനം അര്‍ഹിക്കുന്നു. സൂഖ് തുറക്കുന്നതോടെ ഏവര്‍ക്കും ഇത് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ദുബൈയുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലുള്ള ഒരു നിര്‍മാണത്തിന് നഗരസഭ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് ആര്‍ട്ടിടെക്ചറല്‍ ഹെറിറ്റേജ് വകുപ്പ് ഡയറക്ടര്‍ റഷാദ് ബുകാഷ് അഭിപ്രായപ്പെട്ടു. ദുബൈക്ക് എല്ലാ അര്‍ഥത്തിലും അഭിമാനിക്കാവുന്ന ഒന്നായി സൂഖ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള നഗരത്തിലെ പുതിയ കേന്ദ്രമായി ദെയ്‌റ സൂഖ് മാറും. നഗരത്തിന്റെ ചരിത്രത്തില്‍ നാഴികകല്ലാവും സൂഖെന്നും അദ്ദേഹം പറഞ്ഞു.
98 കടകളും പരമ്പരാഗത റസ്റ്റോറന്റും പരമ്പരാഗത ലഘു പലഹാരങ്ങള്‍ ലഭിക്കുന്ന കഫറ്റേരിയയും സൂഖില്‍ സജ്ജമാക്കുമെന്ന് അസറ്റ്‌സ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ഖലീഫ അബ്ദുല്ല ഹാരിബ് വെളിപ്പെടുത്തി. 6,125 ചതുരശ്ര മീറ്ററിലാണ് സൂഖ് പണിയുന്നത്. സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്കുള്ള സൗകര്യം, പരമ്പരാഗത കലകളുടെ അവതരണവും ഫ്രൈഡേ മാര്‍ക്കറ്റുമെല്ലാം ഇവിടെ ഒരുക്കും.
അറബിക് വാസനതൈലങ്ങള്‍ക്കുള്ള കടകള്‍, അറബിക് വസ്ത്രങ്ങള്‍, കരയിലും കടലിലും സഞ്ചരിക്കാനുള്ള പരമ്പരാഗത വാഹനങ്ങള്‍, കാര്‍പറ്റ്, പാത്രങ്ങള്‍, പുരാതന ആയുധങ്ങള്‍, പ്രാദേശികമായ മധുരപരഹാരങ്ങള്‍, ഈത്തപ്പഴം തുടങ്ങി സ്വദേശി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും സൂഖെന്ന് ഹാരിബ് വിശദീകരിച്ചു.

---- facebook comment plugin here -----

Latest