വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു

Posted on: December 31, 2013 2:04 pm | Last updated: December 31, 2013 at 2:04 pm

മണ്ണാര്‍ക്കാട്: ആനമൂളിയിലെ അട്ടപ്പാടി മലയുടെ താഴ്‌വരയിലുള്ള വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ആനമൂളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി പത്ത് വര്‍ഷം മുമ്പ് പണിത ക്വാര്‍ട്ടേഴ്‌സാണ് നശിക്കുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ ഇവിടെ ജീവനക്കാര്‍ താമസിച്ചിരുന്നു. എന്നാല്‍, പിന്നീട് അറ്റകുറ്റപ്പണി നടത്താതെ കേടുവന്നതോടെ സാമൂഹിക വിരുദ്ധര്‍ ഇവിടം താവളമാക്കുകയായിരുന്നു.
ക്വാര്‍ട്ടേഴ്‌സിന്റെ കട്ടിളയും ജനലും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചക്വാര്‍ടേഴ്‌സിലും പരിസരത്തും ഇപ്പോള്‍ മദ്യപാനികളുടെ വിളയാട്ടമാണ്. ക്വാര്‍ട്ടേഴ്‌സ് പരിസരപ്രദേശങ്ങളില്‍ ധാരാളമായി ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കാണുന്നു. ജീവനക്കാര്‍ താമസസൗകര്യമില്ലാതെ വലയുമ്പോഴാണ് ക്വാര്‍ട്ടേഴ്‌സിന്റെ ഈ ദുരവസ്ഥ. ഓരോ ഉദ്യോഗസ്ഥനും താമസത്തിനായി വാങ്ങുന്ന അലവന്‍സ് സര്‍ക്കാരിന് ഇതുമൂലം അധിക ബാധ്യതയാകുകയാണ്. നശിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഉപയോഗയോഗ്യമാക്കിയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ മുതല്‍ക്കൂട്ടാകും.
ആനമൂളി റേഞ്ച് ഓഫീസിലെ സൗകര്യങ്ങള്‍ പരിമിതമായിരിക്കേ ക്വാര്‍ട്ടേഴ്‌സിന്റെ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം എളുപ്പമാകും.