മജ്മഅ് സില്‍വര്‍ ജൂബിലിക്ക് നാളെ തുടക്കം

Posted on: December 31, 2013 12:13 am | Last updated: December 31, 2013 at 12:13 am

മലപ്പുറം: അറിവാണ് ജീവന്‍ എന്ന പ്രമേയത്തില്‍ നിലമ്പൂര്‍ മജ്മഅ് സില്‍വര്‍ ജൂബിലി ആഘോഷം അടുത്തമാസം ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ മജ്മഅ് ക്യാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാലിന്് നിലമ്പൂര്‍ ജ്യോതിപടി, ചന്തക്കുന്ന് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
തുടര്‍ന്ന് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തും. 6.30ന് കര്‍ണാടക ആരോഗ്യമന്ത്രി വി ടി അബ്ദുല്‍ ഖാദിര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സില്‍വര്‍ജൂബിലി ഉപഹാരമായ സ്മാര്‍ട്് ബ്ലോക്ക് ഉദ്ഘാടനം വി ടി അബ്ദുല്‍ ഖാദിര്‍ നിര്‍വഹിക്കും. സുവനീര്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജിക്ക് നല്‍കി എം ഐ ഷാനവാസ് എം പി പ്രകാശനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന നസ്വീഹത്ത് സമസ്ത ജില്ലാപ്രസിഡന്റ് മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.