വിതുര കേസ്: മുന്‍ ഡി വൈ എസ് പിയെ വെറുതെ വിട്ടു

Posted on: December 31, 2013 12:28 am | Last updated: December 30, 2013 at 11:28 pm

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയായ ആലുവ മുന്‍ ഡി വൈ എസ് പി. പി യു മുഹമ്മദ് ബഷീറിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടു. കോട്ടയത്ത് വിതുര കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജി എസ് ഷാജഹാനാണ് വേണ്ടത്ര തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കാണിച്ച് വെറുതെ വിട്ടത്. വിതുര പെണ്‍വാണിഭത്തിലെ രണ്ടാം -ഘട്ടത്തിലെ 15 കേസുകളിലെ ആദ്യത്തെ വിധിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
മുഹമ്മദ് ബഷീര്‍ ആലുവയിലെ ബഷിറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ െവച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. വിചാരണവേളയില്‍ പ്രതിയെ ഓര്‍മയില്ലെന്നാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയും മജിസ്‌ട്രേറ്റുമാരുടേയും മൊഴി കോടതി പരിഗണിച്ചില്ല. ആദ്യകാലത്ത് തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിന്നീട് പ്രതിയെ അറിയില്ലെന്ന് പരാതിക്കാരി തന്നെ മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിക്കെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു.
1995ല്‍ പ്രതി തന്നെ തുടര്‍ച്ചയായ രണ്ട് ദിവസം മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതി. വിചാരണയുടെ രണ്ടാം ഘട്ടത്തില്‍ പ്രതികളെ ആരെയും അറിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വസ്ഥമായ കുടുംബജീവിതം നയിക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരെ പെണ്‍കുട്ടി കണ്ടിരുന്നു. എന്നാല്‍ കേസ് മുമ്പോട്ട് പോകട്ടെയെന്നായിരുന്നു തീരുമാനം. തുടര്‍ച്ചയായി കേസ് പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടി ഹാജരാകാതിരിക്കുകയും ആദ്യം തിരിച്ചറിഞ്ഞിരുന്ന പ്രതികളെ വിചാരണവേളയില്‍ തനിക്കറിയില്ലെന്ന് പറയുകയും ചെയ്തതോടെ പെണ്‍കുട്ടി കൂറുമാറിയതായി കോടതി തന്നെ വിമര്‍ശം ഉന്നയിച്ചിരുന്നു. വിതുര കേസിലെ രണ്ടാംഘട്ട കേസുകളില്‍ രണ്ടാമത്തെ കേസില്‍ കോടതി ഇന്ന് വിധി പറയും. ടി എം ശശിയാണ് ഈ കേസിലെ മറ്റൊരു പ്രതി.