കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: നിര്‍മാണ തൊഴിലാളി യൂനിയന്‍

Posted on: December 30, 2013 1:24 pm | Last updated: December 30, 2013 at 1:24 pm

കല്‍പറ്റ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. നിര്‍മാണ മേഖലയെയും റിപ്പോര്‍ട്ട് ബാധിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം നിര്‍മാണ മേഖലയെ പൂര്‍ണമായും തകര്‍ക്കും. തൊഴിലാളികളുടെ തൊഴിലും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം മധു പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി വാടി രവി സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ വാസുദേവന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. മധു രക്തസാക്ഷി പ്രമേയവും കെ വി ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

രാമചന്ദ്രന്‍, പി എം സന്തോഷ്‌കുമാര്‍, എന്‍ ടി അനില്‍കുമാര്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും, കെ വി ഗിരീഷ്, മനോജ് പട്ടേടന്‍, ഷിനു എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയും, കെ വി ഭാസ്‌കരന്‍, ഹൈദ്രു, കെ പി രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ രജിസ്‌ട്രേഷന്‍ കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ എം ഡി സെബാസ്റ്റ്യന്‍ സ്വാഗതവും കണ്‍വീനര്‍ കെ വാസുദേവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി എ മുഹമ്മദ് (പ്രസി.), പി കെ രാമചന്ദ്രന്‍, ടി ആര്‍ രവി, എന്‍ ടി അനില്‍കുമാര്‍ (വൈ. പ്രസി.), എം മധു (സെക്ര.), പി എം സന്തോഷ്‌കുമാര്‍, മുജീബ് റഹ്മാന്‍, കെ സി ജബ്ബാര്‍ (ജോ. സെക്ര.), കെ. വാസുദേവന്‍ (ട്രഷ.).