വയല്‍ നികത്തല്‍: എ ഡി എം അറുമുഖനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ നിര്‍ദേശം

Posted on: December 30, 2013 1:22 pm | Last updated: December 30, 2013 at 1:22 pm

കല്‍പറ്റ: ഇപ്പോഴത്തെ കോഴിക്കോട് എ ഡി എമ്മും മുന്‍ വയനാട് എ ഡി എമ്മുമായ പി അറുമുഖനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ ഉത്തരവ്. വയനാട് എ ഡി എം ആയിരിക്കെ മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ അനധികൃതമായി വയല്‍ നികത്തലിന് അനുമതി നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അച്ചടക്കനടപടിയുടെ ഭാഗമായി കുറ്റപത്രം തയ്യാറാക്കാന്‍ വയനാട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
ബ്ലോക്ക് 15 ല്‍ റീസര്‍വേ നമ്പര്‍ 588/4/1ല്‍പ്പെടുന്ന 40 സെന്റ് സ്ഥലവും 586/2 ല്‍ 10 സെന്റും നികത്തിയതിന്് കലക്ടറുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ എഡിഎം പി അറുമുഖന്‍ അംഗീകാരം നല്‍കുകയായിരുന്നു. ഞാറക്കാട്ടില്‍ എന്‍ പി പൈലിയുടെ മക്കളായ സനല്‍ പോള്‍, സാംപോള്‍, മാത്യൂസ് പോള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു നികത്തിയ ഭൂമി.
ആര്‍ഡിഒയുടെ ചുമതലയുള്ള മാനന്തവാടി സബ്കലക്ടറുടെ റിപ്പോര്‍ട്ട് നിരാകരിച്ചാണ് തനിക്ക് അധികാരമില്ലാത്ത നടപടി എഡിഎം സ്വീകരിച്ചത്. ഭൂമിക്ക് നികുതി സ്വീകരിക്കാനും ക്രയവിക്രയം നടത്താനുമായിരുന്നു ഉത്തരവ്. ഇതേതുടര്‍ന്ന് കലക്ടറുടെയും സബ് കലക്ടറുടെയും നടപടിയിലുണ്ടായിരുന്ന ഭൂമി പിന്നീട് വില്‍ക്കുകയുംചെയ്തു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) അന്വേഷണം നടത്തിയിരുന്നുവെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നില്ല. തുടര്‍ന്നാണ് മീനങ്ങാടി അപ്പാട് സ്വദേശി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വിജിലന്‍സ് വിചാരണയ്ക്കുവേണ്ടി ഓഫീസില്‍ വരാന്‍ നിര്‍ദേശിച്ചെങ്കിലും അറുമുഖന്‍ ഹാജരായില്ല. കോഴിക്കോട് കലക്ടറേറ്റില്‍ അടുത്തടുത്ത ഓഫീസുകളായിരുന്നിട്ടും അറുമുഖന്‍ ഹാജരായില്ലെന്ന് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കലക്ടര്‍ നേരത്തെ നല്‍കിയ സ്‌റ്റോപ് മെമ്മോയും ആര്‍ഡിഒ സ്വീകരിച്ച കേരള ഭൂ വിനിയോഗ നിയമം അനുസരിച്ചുള്ള നടപടികളും നിഷ്ഫലമാക്കി അനധികൃതമായി നിലം നികത്തിയവരില്‍നിന്ന് നികുതി സ്വീകരിക്കാനും കൈമാറ്റംചെയ്യാനും അനുമതി നല്‍കുക വഴി അനധികൃതമായ നിലംനികത്തല്‍ സാധൂകരിക്കുകയായിരുന്നുവെന്നും വിജിലന്‍സ് കണ്ടെത്തി. അറുമുഖത്തിനെതിരെ ആയുധ ലൈസന്‍സ് നല്‍കിയതിലെ ആരോപണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഫയലില്‍ റിപ്പോര്‍ട്ട് ഉണ്ടെന്നും വിജിലന്‍സിന്റെ ശിപാര്‍ശയിലുണ്ട്.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ അറുമുഖത്തിനെതിരായി അച്ചടക്കനടപടി ആരംഭിക്കുന്നതിന് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീയതി സഹിതം കരട് കുറ്റപത്രം തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കാനാണ് വയനാട് കലക്ടര്‍ക്ക് ഡിസംബര്‍ 17ന് പുറപ്പെടുവിച്ച ഉത്തരവില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുള്ളത്.