Connect with us

Malappuram

ഗ്രാമസഭായോഗം ചിത്രീകരിക്കണമെന്ന നിര്‍ദേശം അവഗണിക്കുന്നു

Published

|

Last Updated

വണ്ടൂര്‍: അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ പ്രധാന ഘടകമായ ഗ്രാമസഭായോഗം വിഡിയോയില്‍ പകര്‍ത്തണമെന്ന കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റെ നിര്‍ദേശം അവഗണിക്കുന്നു. ഗ്രാമസഭായോഗങ്ങളിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം കൊണ്ടുവന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പഞ്ചായത്തുകളില്‍ ആരംഭിച്ച ഗ്രാമസഭകള്‍ വീഡിയോയില്‍ പകര്‍ത്താന്‍ അധികൃതര്‍ തയ്യാറല്ല.
ഗ്രാമസഭകയുടെ ഉള്ളുകളി വെളിച്ചത്തിലാകുമെന്നതാണ് ഇതിനു കാരണം. ഓരോ വാര്‍ഡിലെയും വോട്ടര്‍മാരുടെ പത്ത് ശതമാനമാണ് ഗ്രാമസഭ ചേരുന്നതിനുള്ള കോറം.
1000 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 100 പേര്‍ യോഗത്തില്‍ പങ്കെടുത്തിരിക്കണം. എന്നാല്‍, മിക്ക വാര്‍ഡുകളിലും ജനപങ്കാളിത്തം കുറവാണ്. വഴിയെ പോകുന്നവരേയും മറ്റും വിളിച്ചുവരുത്തി മിനിറ്റ്‌സില്‍ ഒപ്പുവെപ്പിക്കുന്ന രീതി വ്യാപകമാണ്. രേഖകളില്‍ പത്ത് ശതമാനം പേര്‍ പങ്കെടുത്തെന്നു വരുത്തി തീര്‍ക്കുവാനാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഇത്തരം അടവുകള്‍ പയറ്റുന്നത്.
വര്‍ഷം നാല് യോഗങ്ങളെങ്കിലും നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. വേണ്ടത്ര പ്രചാരം ഇതിനായി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിലെ സുതാര്യതയും ഉത്തരവാദിത്തവുമാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കൂടുതല്‍ ജനങ്ങളെ ഗ്രാമസഭകളില്‍ പങ്കെടുപ്പിക്കുന്നതിന് താത്പര്യമെടുക്കാതെയാണ് ഇത്തരം തട്ടിക്കൂട്ടു പരിപാടികള്‍ നടത്തുന്നത്. ഗ്രാമസഭകളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനു ഗ്രാമസഭാംഗങ്ങള്‍ക്കായി അടുത്ത കാലത്തു പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
ഗ്രാമസഭായോഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയാല്‍ ഇതിന്റെ സത്യാവസ്ഥ ബന്ധപ്പെട്ടവര്‍ക്കു ബോധ്യമാകും. ഗ്രാമസഭ നടത്തുന്നതിനോടും പഞ്ചായത്ത് ഭരണസമിതികള്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടാറില്ല. ഗ്രാമസഭ നടത്താതെ വന്നാല്‍ അംഗത്വം നഷ്ടപ്പെടുമെന്നു കണ്ടാണ് ഭൂരിപക്ഷവും യോഗങ്ങള്‍ വിളിച്ചുകൂട്ടാനായി രംഗത്തിറങ്ങുന്നത്.

---- facebook comment plugin here -----

Latest