Connect with us

Malappuram

തരിശ് നിലത്തില്‍ പൊന്നുവിളയിച്ച് വീട്ടമ്മമാര്‍

Published

|

Last Updated

നിലമ്പൂര്‍: തരിശ് നിലത്തില്‍ പൊന്നുവിളയിച്ച് വീട്ടമ്മമാര്‍. നാടിനെ ആവേശമാക്കി കൊയ്ത്തുത്സവം.
ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം വാറങ്കോടുള്ള രണ്ടേക്കറോളം തരിശ് നിലത്താണ് നാല് വീട്ടമ്മമാര്‍ നെല്ല് വളയിച്ചത്. ഉമൈമത്ത്, വിജയമ്മ, കല്ല്യാണി, സതീദേവി എന്നിവരാണ് നാടിന് അഭിമാനനേട്ടം സമ്മാനിച്ചത്.
സൗപര്‍ണിക കുടുംബശ്രീ പ്രവര്‍ത്തകരില്‍പെട്ടവരാണിവര്‍. രണ്ടേക്കറോളം സ്ഥലമാണ് ഇവര്‍ നെല്‍കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താല്‍ ഈ സംഘം മഞ്ഞള്‍ കൃഷി ചെയ്തത്. അത് നഷ്ടത്തില്‍ കലാശിച്ചു. എന്നാല്‍ നിരാശരായി പിന്തിരിയാന്‍ ഇവര്‍ തയ്യാറല്ലായിരുന്നു.
കുടുംബശ്രീ അംഗങ്ങളെല്ലാവരും ഉടന്‍തന്നെ മൂന്ന് ഏക്കറില്‍ പച്ചകറിയായിരുന്നു അടുത്ത ഇനം. പച്ചക്കറി കൃഷി വന്‍ വജയമായതോടെയാണു ഈ നാല്‍വര്‍ സംഘം തരിശായികിടന്നിരുന്ന സ്ഥലം പൊന്ന് വിളയിക്കുന്ന പാടമാക്കിമാറ്റിയത്. ഈ വിജയഗാഥ അവര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.
നിലമ്പൂരിനടുത്ത് വടപുറത്ത് പത്ത് ഏക്കര്‍ തരിശ്ഭൂമിയിലാണ് ഈ സംഘം അടുത്ത നെല്‍വിത്ത് വിതക്കുന്നത്. അതിനുവേണ്ടി സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്. പുതയ സ്ഥലത്ത് കൃഷിയിറക്കുമ്പോള്‍ സംഘത്തിലേക്ക് ഒരാള്‍ കൂടിവന്നിട്ടുണ്ട് രജനി. ഇനി ഈ അഞ്ചംഗ സംഘമാണ് പത്തേക്കറില്‍ പൊന്ന് വളയിക്കാന്‍ പോകുന്നത്. കൃഷിവകുപ്പില്‍ പ്രോത്സാഹനമുണ്ടെങ്കിലും കാര്യമായ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ല.
തൊഴിലുറപ്പ് ജോലിക്കാരായ ഇവര്‍ ആ വേതനം ഉപയോഗിച്ചുതന്നെയാണ് കൃഷിചെയ്യാനാവശ്യമായ ചെലവും കണ്ടെത്തുന്നത്. വളയിട്ട ഈ കൈകള്‍ക്ക് നെല്‍കൃഷി ചെയ്യാന്‍ എല്ലാവിധ സഹായവുമൊരുക്കുമെന്നാണ് സ്ഥലം എം എല്‍ എ. പി കെ ബഷീര്‍ ഇവര്‍ക്ക് വാക്ക് നല്‍കിയിരിക്കുന്നത്. ഇന്നലെ നാടിന് ഉത്സവമായ ഇവരുടെ പാടത്തെ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അംഗങ്ങളും, ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഏതു തരത്തിലുള്ള സഹായമാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പല്ലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാലകത്ത് ഷമീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മുല്‍ വാഹിദ, ചേക്കു തോപ്പില്‍, എ റഷീദലി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest