സദ്ദാമിന്റെ രക്ത സാക്ഷിത്വത്തിന് ഇന്ന് ഏഴ് വയസ്സ്

Posted on: December 30, 2013 1:29 pm | Last updated: December 30, 2013 at 11:08 pm

saddam hussainബാഗ്ദാദ്: ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അമേരിക്ക തൂക്കിലേറ്റിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ 30ന് ബലിപെരുന്നാള്‍ ദിനത്തിലാണ് സദ്ദാമിനെ ഇറാഖിലെ അമേരിക്കന്‍ പാവ ഭരണകൂടം തൂക്കിലേറ്റിയത്. ഇറാഖ് പ്രസിഡന്റായിരിക്കെ 1982ല്‍ 148 ഷിയാ വിഭാഗക്കാരെ കൂട്ടക്കൊല ചെയ്ത കുറ്റം ചുമത്തിയാണ് വധ ശിക്ഷ വിധിച്ചത്.

കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് ആരോപിച്ചാണ് അമേരിക്കയും സഖ്യ കക്ഷികളും ഇറാഖിനെ ആക്രമിച്ചത്. എന്നാല്‍ ഇറാഖില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്നും കൂട്ട നശീകരണായുധങ്ങള്‍ ഇറാഖില്‍ ഇല്ലായിരുന്നുവെന്നും അമേരിക്ക പിന്നീട് ലോകത്തോട് പറഞ്ഞു.

കൊലക്കയറിന് മുന്നില്‍ സദ്ദാം പ്രകടിപ്പിച്ച അസാമാന്യ ധീരത ലോകത്തെ മുഴുവന്‍ വിമോചന പോരാളികള്‍ക്കും ആവേശം പകരുന്നതായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ കയ്യില്‍ പിടിച്ചാണ് വിചാരണ വേളയില്‍ സദ്ദാം കോടതിയിലെത്തിയിരുന്നത്.

വധ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സദ്ദാം അസാമാന്യ സ്ഥൈര്യമാണ് കാണിച്ചിരുന്നതെന്ന് വധശിക്ഷക്ക് സാക്ഷിയായ മുവഫിഖ് അല്‍ റുബായി എന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കുറ്റപത്രം വായിക്കുന്നത് കേട്ട സദ്ദാം അമേരക്കയും ഇസ്രായേലും തുലയട്ടെ എന്നും ഫലസ്തീന്‍ നീണാള്‍ വാഴട്ടെ എന്നും മുദ്രാവാക്യം മുഴക്കിയിരുന്നുവെന്ന് റുബായി തന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

വ്യാജമായി പടച്ചുണ്ടാക്കിയ കാരണങ്ങള്‍ വെച്ച് ഇറാഖിനെ ആക്രമിച്ച ശേഷം സദ്ദാമിനെ പിടികൂടി ഏകപക്ഷീയ വിചാരണ നടത്തിയാണ് അമേരിക്ക സദ്ദാമിനെ തൂക്കലേറ്റിയത്.