ദക്ഷിണാഫ്രിക്കക്ക് ലീഡ്‌

Posted on: December 30, 2013 9:23 am | Last updated: December 30, 2013 at 9:23 am
kallis
വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ കാലിസിനെ സഹീര്‍ഖാന്‍ അഭിനന്ദിക്കുന്നു

ഡര്‍ബന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 166റണ്‍സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ 334നെതിരെ ആതിഥേയര്‍ 500റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ നാലാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയില്‍. 32 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 11 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ഓപണര്‍മാരായ ശിഖര്‍ ധവാന്‍ (19), മുരളി വിജയ് (ആറ്) എന്നിവരാണ് പുറത്തായത്. എട്ട് വിക്കറ്റ് കൈയിലിരിക്കെ 98റണ്‍സ് പുറകിലാണ് ഇന്ത്യ.
നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കക്കായി വിരമിക്കുന്ന ഇതിഹാസ താരം ജാക്വിസ് കാലിസ് സെഞ്ച്വറി നേട്ടവുമായി തിളങ്ങി. 115റണ്‍സെടുത്ത കാലിസിനെ ജഡേജ പുറത്താക്കുകയായിരുന്നു. റോബിന്‍ പീറ്റേഴ്‌സ്ന്‍ (61), ഡേല്‍ സ്റ്റെയിന്‍ (44), ഡു പ്ലെസിസ് (43) എന്നിവരും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്ക സുരക്ഷിത തീരത്തെത്തുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആറ് വിക്കറ്റുമായി രവീന്ദ്ര ജഡേജ തിളങ്ങി.